സെന്റ് ജോർജ് മൗണ്ട് ചാപ്പലിൽ പെരുന്നാളിനു കൊടിയേറി
1491332
Tuesday, December 31, 2024 7:02 AM IST
കൈപ്പട്ടൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സെന്റ് ജോർജ് മൗണ്ട് ചാപ്പലിൽ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാളിന് ഇടവക വികാരി ഫാ. ജോർജ് പ്രസാദ് കൊടിയേറ്റി. ഫാ. സജി യോഹന്നാൻ, ഫാ. അബിമോൻ വി. റോയി, ട്രസ്റ്റി ഏബ്രഹാം എം. ജോർജ്, സെക്രട്ടറി ഇ.ടി. സാമുവേൽ, ചാപ്പൽ കൺവീനർ സാംകുട്ടി അടിമുറിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ജനുവരി ഒന്ന്, രണ്ട് തീയതികളിൽ മൗണ്ട് കൺവൻഷനിൽ ഫാ. ബ്രിൻസ് അലക്സ് മാത്യൂസ്, ഫാ. ജോൺ സാമുവേൽ എന്നിവർ വചനശശ്രൂഷയ്ക്ക് നേതൃത്വം നൽകും. മൂന്നിന് അഞ്ചിനു സന്ധ്യാനമസ്കാരത്തിനുശേഷം തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നവീകരിച്ച ചാപ്പലിന്റെ ശുദ്ധീകരണം. തുടർന്ന് ചാപ്പലിൽനിന്നും പുറപ്പെട്ട് വി. ഗീവർഗീസ് സഹദയുടെ കുരിശടിയിലേക്കും തുടർന്ന് ചാപ്പലിലേക്കും ഭക്തിനിർഭരമായ റാസ.
നാലിനു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. സജി യോഹന്നാൻ, ഫാ. ജിബു സി. ജോയി എന്നിവർ കാർമികരാകും. തുടർന്ന് പ്രദക്ഷിണം, നേർച്ചവിളമ്പ്, കൊടിയിറക്ക്.