ശുചിമുറി മാലിന്യം വീടുകളിലെത്തി സംസ്കരിക്കാൻ ജില്ലാ പഞ്ചായത്ത്
1539542
Friday, April 4, 2025 6:15 AM IST
കൊല്ലം: വീടുകളിലെത്തി തത്സമയം ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതി ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രാരംഭ നടപടികൾ ആരംഭിച്ചു. ഇതിനായി മൂന്ന് മൊബൈൽ ട്രീറ്റ്മെന്റ് പ്ലാന്റ് യൂണിറ്റുകൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ് പി.കെ. ഗോപൻ പറഞ്ഞു. എത്രയും വേഗം പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഭൗമ എന്ന ഏജൻസിയുടേതാണ് ഈ മൊബൈൽ യൂണിറ്റുകൾ. ഇവയുടെ പ്രവർത്തന ചെലവ് പ്രതിമാസം 1.77 ലക്ഷം രൂപ വരും. ഇന്ധന ചെലവായി മാസം തോറും 10,000 രൂപയും വേണ്ടി വരും.
ജീവനക്കാർക്കുള്ള ശമ്പളവും ജില്ലാപഞ്ചായത്ത് തന്നെയാണ് വഹിക്കുക. ശമ്പള ഇനത്തിൽ 1.5 ലക്ഷം രൂപയിലധികം പ്രതിമാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാലിന്യങ്ങൾ അതിവേഗം സംസ്കരിക്കാനുള്ള ശേഷി ഈ മൊബൈൽ യൂണിറ്റുകൾക്കുണ്ട്.
സംസ്കരണ ശേഷം പുറന്തള്ളുന്ന ക്ലോറിനേറ്റ് ചെയ്ത ജലം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ വീട്ടുപറമ്പിൽ ഒഴുക്കുകയോ ചെയ്യാം. ഏറ്റുമാനൂർ നഗരസഭയിൽ ഈ പദ്ധതി കഴിഞ്ഞ കുറെ നാളുകളായി വിജകരമായി നടക്കുന്നുണ്ട്. അവിടെ പോയി പ്രവർത്തനം വിശദമായി കണ്ട് മനസിലാക്കിയ ശേഷമാണ് കൊല്ലത്ത് നടപ്പാക്കാൻ തീരുമാനം എടുത്തതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വീടുകളിൽ എത്തി ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് 6000 രൂപയാണ് നിരക്ക് നിശ്ചയിച്ചുള്ളത്. ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണത്തിന് നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടാകും. ഇതിൽ നിന്ന് ലഭിക്കുന്ന തുക പൂർണമായും പദ്ധതിയുടെ നടത്തിപ്പിന് വിനിയോഗിക്കും.
രണ്ട് വർഷം കൂടുമ്പോൾ മൊബൈൽ യൂണിറ്റുകളുടെ മെയിന്റനൻസ് നടത്തണം. ഇതിനുള്ള മുഴുവൻ തുകയും ജില്ലാ പഞ്ചായത്ത് തന്നെ വഹിക്കും. മാലിന്യം സംസ്കരിക്കണമെന്ന് ആവശ്യമുള്ളവർ ഓൺലൈനായി ബുക്ക് ചെയ്യണം. ഈ സംവിധാനം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഉടൻ നിലവിൽ വരും.
ബുക്കിംഗിന്റെ മുൻഗണനാക്രമം അനുസരിച്ചായിരിക്കും മൊബൈൽ യൂണിറ്റും ജീവനക്കാരും വീടുകളിലും സ്ഥാപനങ്ങളിലും എത്തുക.