ഏരൂരിലെ മാട്ടിറച്ചി സ്റ്റാൾ പുനർലേലം ; കോൺഗ്രസ് അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു
1539552
Friday, April 4, 2025 6:27 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിൽ മാർച്ച് 23 ന് വിവിധ സ്ഥലങ്ങളിലുള്ള എട്ട് മാട്ടിറച്ചി സ്റ്റാളുകളുടെ ലേലം നടത്തിയത് മതിയായ പരസ്യം നൽകാതെയാണെന്നും ഇത് മൂലം പഞ്ചായത്തിന് ലഭിക്കേണ്ട അധിക വരുമാനം ഭരണ സമിതി നഷ്ടപ്പെടുത്തിയെന്നും ആരോപിച്ച് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്.
പുനര്‍ ലേലം നടത്തണമെന്ന കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ ആവശ്യം ഇടതുഭരണ സമിതി തള്ളിയതോടെ വിയോജന കുറിപ്പ് രേഖാമൂലം നൽകി പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. 2025-26 സാമ്പത്തിക വർഷത്തേക്ക് നടത്തിയ ലേലം സ്ഥിരപ്പെടുത്തുന്ന തീരുമാനം എടുക്കാൻ കൂടിയ കമ്മിറ്റിയാണ് അംഗങ്ങൾ ബഹിഷ്കരിച്ചത്. 2024-25 സാമ്പത്തിക വർഷം നടന്ന ലേല തുകയേക്കാൾ നാമമാത്രമായ വർധനവ് മാത്രമാണ് ഇത്തവണത്തെ ലേലത്തിലൂടെ പഞ്ചായത്തിന് ലഭിക്കുന്നത്.
പഞ്ചായത്ത് പരിധിയിലുള്ള സർക്കാർ ഓഫീസുകൾ , മാർക്കറ്റുകൾ, പൊതു നിരത്തുകൾ, വായനശാല, ക്ലബുകൾ എന്നീ സ്ഥലങ്ങളിൽ ലേലത്തിന് ദിവസങ്ങൾക്ക് മുൻപ് നോട്ടീസ് പതിക്കണമെന്ന നിബന്ധന ഭരണസമിതി നടത്തിയില്ല.
ലേലത്തിന് തലേ ദിവസം രാത്രി വാട്സ് ആപ്പിലൂടെയാണ് പഞ്ചായത്ത് അംഗങ്ങൾ പോലും ലേല നടപടികൾ അറിഞ്ഞത്. മതിയായ അറിയിപ്പ് നൽകാതിരുന്നതിനാൽ പഞ്ചായത്തിന് പുറത്തുള്ള വ്യാപാരികൾക്ക് ലേലത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.സമീപ പഞ്ചായത്തുകളിൽ മുൻവർഷത്തേക്കാൾ ഉയർന്ന തുകയ്ക്ക് ലേലം നടന്നപ്പോൾ ആണ് ഏരൂർ പഞ്ചായത്തിൽ നാമമാത്രമായ വർധനവ് വന്നത്.
പുനർ ലേലം നടത്തിയാൽ പഞ്ചായത്തിന് എട്ട് മാട്ടിറച്ചി സ്റ്റാളുകളിൽ നിന്ന് മാത്രം ലക്ഷക്കണക്കിന് രൂപ അധികം ലഭിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.
പഞ്ചായത്ത് അംഗങ്ങളായ അനുരാജ്, ഷീന കൊച്ചുമ്മൻ എന്നിവർ കമ്മിറ്റി ബഹിഷ്കരിച്ച് വന്നപ്പോൾ പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ പി.ബി.വേണുഗോപാൽ, സി.ജെ. ഷോം, ഗീവർഗീസ്, പി.ടി. കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ബിജു, ശശിധരൻ, പി.വി.പ്രകാശ്,റോയി, ഷാനവാസ് തുടങ്ങി നേതാക്കളും എത്തിയിരുന്നു.