മകളുടെ വിവാഹ വേദിയിൽ അമ്മയുടെ പുസ്തക പ്രകാശനം
1539561
Friday, April 4, 2025 6:27 AM IST
കൊല്ലം: മകളുടെ വിവാഹ വേദിയിൽ അമ്മയുടെ പുസ്തകം പ്രകാശനം ചെയ്തു. വരൻ വധുവിന് പുസ്തകം കൈമാറിയപ്പോൾ മാതാപിതാക്കളും മംഗല്യംകൂടാനെത്തിയവരും സാക്ഷികളായി. ഇന്നലെ ചവറ തെക്കുംഭാഗം മഠത്തിൽമുക്ക് ലാവില്ല ലേക്ക് സൈഡ് റിസോർട്ടിലായിരുന്നു വേറിട്ടൊരു പുസ്തക പ്രകാശന ചടങ്ങ്.
ചവറ ചെറുശേരി ഭാഗം സരസിൽ കെ.സജയന്റെയും രശ്മി സജയന്റെയും മകൾ ഗോപിക രശ്മി സജയനും ചാത്തന്നൂർ കാരംകോട് തടത്തിൽവിള പുത്തൻ വീട്ടിൽ പി.ബാബുമോന്റെയും ലാലി ബാബുവിന്റെയും മകൻ ലിബിൻ ബാബുവും തമ്മിലായിരുന്നു വിവാഹം. കാനഡയിൽ ജോലി ചെയ്യുന്ന പ്രണയിതാക്കളായ വരനും വധുവും തമ്മിലുള്ള വിവാഹം വീട്ടുകാർ ഉറപ്പിച്ചപ്പോൾ മുതൽ സാഹിത്യകാരി കൂടിയായ രശ്മി സജയൻ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു.
പുതിയ നോവൽ 'ഹിമ' എഴുതി പൂർത്തിയാക്കി. രശ്മി സജയന്റെ ചിത്രം മുഖച്ചിത്രമാക്കി പുസ്തകം രണ്ട് ദിവസം മുൻപാണ് പ്രിന്റ് ചെയ്ത് കൈയിൽ കിട്ടിയത്. വിവാഹപ്പന്തലിൽ പ്രകാശന ചടങ്ങ് നടത്തണമെന്ന ആഗ്രഹം ഭർത്താവ് കെ.സജയനെ അറിയിച്ചപ്പോൾ പൂർണ പിന്തുണ ലഭിച്ചു. വധു ഗോപികയും അനുജൻ ഗോവിന്ദും പച്ചക്കൊടി കാട്ടി. വരന്റെ വീട്ടുകാർക്കും പൂർണസമ്മതം.
അതോടെ പുസ്തക പ്രകാശനവും വിവാഹപ്പന്തലിലേക്ക് മാറി. താലികെട്ടും പൂമാല ചാർത്തലും കഴിഞ്ഞാണ് പുസ്തക പ്രകാശനം നടന്നത്. വേറിട്ട പുസ്തക പ്രകാശന ചടങ്ങ് കല്യാണംകൂടാനെത്തിയവർക്കും സന്തോഷാനുഭവമായി. രശ്മി സജയന്റെ അഞ്ചാമത്തെ പുസ്തകമാണ് ‘ഹിമ'.