ശ്രീഭൂതനാഥ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തിന് കൊടിയേറി
1539543
Friday, April 4, 2025 6:15 AM IST
ചാത്തന്നൂർ: ശ്രീഭൂതനാഥ ക്ഷേത്രത്തിലെ അത്തം മഹോത്സവത്തിന് കൊടിയേറി. തന്ത്രി നീലമന ഇല്ലം കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. ജയപ്രകാശ് പോറ്റി ,കീഴ്ശാന്തി അനിൽകുമാർ എന്നിവരുടെ സഹകാർമികത്വത്തിലുമായിരുന്നു കൊടിയേറ്റ്.
തങ്ക അങ്കിയും മറ്റ് ആഭരണങ്ങളും ഏഴാം ഉത്സവനാളിൽ ഗംഭീര ഘോഷയാത്രയുടെ അകമ്പടിയോടെ നാടും നഗരവും പ്രദക്ഷിണം വച്ച് കർപ്പൂരാരാധനയോട ശ്രീ ഭൂതനാഥനും മഹാദേവനും മറ്റ് ഉപദേവതകൾക്കും സമർപ്പിക്കും. ഒന്പതിന് വൈകുന്നേരം തിരുവാഭരണ ഘോഷയാത്ര ആരംഭിക്കും.
ശ്രീഭുതനാഥ യുവജനവേദിയുടെയും ആൽത്തറക്കൂട്ടം തിരുവാഭരണ ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്ര ആഘോഷമാക്കാൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഒരുക്കിയിട്ടുണ്ട്.
അമ്പലപ്പുഴ വേല, ഡിജിറ്റൽ തെയ്യം, പഞ്ചാരിമേളം, പാണ്ടിമേളം, നിശ്ചലദൃശ്യങ്ങൾ, ഗജവീരന്മാർ എന്നിവ ഘോഷയാത്ര യാത്രയിൽ അണിനിരക്കും. തിരുവാഭരണ ഘോഷയാത്ര കല്ലുവെട്ടാംകുഴി ദീപം ക്ലബ് ജംഗ്ഷനിൽ എത്തി താലപ്പൊലി, വിളക്ക് എന്നിവയുടെ അകമ്പടിയോടെ രാത്രി 10ന് ശ്രീഭുതനാഥ സന്നിധിയിലെത്തും.
ഇന്ന് പതിവുപൂജകൾക്ക് പുറമേ വൈകുന്നേരം അഞ്ചിന് കമ്പടികളി ,6.15 ന് സോപാന സംഗീതം, രാത്രി 7.30ന് ഡാൻസ് ധമാക്ക എന്നീ പരിപാടികൾ നടത്തും.