റോഡ് നന്നാക്കാന്‍ ഇനിയെന്ത് ചെയ്യണം : അഞ്ചേക്കര്‍ നിവാസികള്‍ ചോദിക്കുന്നു
1539560
Friday, April 4, 2025 6:27 AM IST
മടത്തറ : അധികൃത അനാസ്ഥയുടെ നേര്‍ചിത്രമായി മാറുകയാണ് കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് അരിപ്പയിലുള്ള അഞ്ചേക്കര്‍ നിവാസികള്‍.
മുപ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടേയ്ക്ക് സഞ്ചാര യോഗ്യമായ റോഡെന്ന ആവശ്യത്തിന് നേരെയാണ് അധികൃതർ മുഖംതിരിക്കുന്നത്. മണ്‍പാതയായ ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയോ ടാര്‍ ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത്, എംഎല്‍എ, എംപി, മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിരുന്നു.
പാതയുടെ കുറച്ചു ഭാഗം വനഭൂമിയാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ ആവശ്യം അധികൃതര്‍ തള്ളിയത്. കെ.രാജു വനം മന്ത്രി ആയിരിക്കെ പലതവണ നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. അനുകൂല നിലപാട് സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
വന ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് നിയമ തടസം ഉണ്ടെങ്കില്‍ ആ ഭാഗം ഒഴിവാക്കി ബാക്കിയുള്ള ഭാഗമെങ്കിലും ഗതാഗത യോഗ്യമായി നല്‍കണം എന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എംപി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തു നേരിട്ടെത്തി ജനങ്ങളുടെ ആവശ്യം കേട്ടതാണ്.
എംപിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ല. കുട്ടികള്‍ക്കു സ്കൂളില്‍ എത്താന്‍ നടന്ന് മലയോരേയ ഹൈവേയില്‍ എത്തണം. രാത്രികാലങ്ങളില്‍ തെരുവ് വിളക്കുകളുടെ അഭാവവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.