8000 പേര്‍ക്ക് അക്ഷരലോകത്തേക്ക് സ്വാഗതം
1539557
Friday, April 4, 2025 6:27 AM IST
കൊല്ലം : അക്ഷരലോകം അന്യമായ ആയിരങ്ങളെ അറിവിന്റെ പുതുലോകത്തേക്ക് സ്വാഗതം ചെയ്യുകയാണ് ജില്ലയിലെ സാക്ഷരതാമിഷന്‍. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലൂടെയാണ് ജില്ലയിലെ 8000 നിരക്ഷരരെ കണ്ടെത്തിയത്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിലുള്ളവരാണിവര്.
ഇവരെയെല്ലാം സാക്ഷരരാക്കാനുള്ള തയാറെടുപ്പിന് തുടക്കമായി. കൂടുതല്‍ പേര്‍ക്കായി സര്‍വെ പിന്നാലെ നടത്തും. ഇതിനായുള്ള വൊളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്കി.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് സാക്ഷരതാപ്രവര്‍ത്തനം നടത്തുക. 60 പഞ്ചായത്തുകളില്‍ നിന്നുള്ള എസ്്സി -1,200 എസ്ടി -400, ന്യൂനപക്ഷ വിഭാഗങ്ങള്‍ -2480 പൊതുവിഭാഗം -3920 പേര് എന്നിങ്ങനെ നിരക്ഷരരായ 6,320 സ്ത്രീകളെയും 1,680 പുരുഷന്മാരേയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല സംഘാടകസമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് ഉദ്ഘാടനം ചെയ്തു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ് അധ്യക്ഷനായി.
ജില്ലാ സാക്ഷരതാ മിഷന് കോഓർഡിനേറ്റര്‍ ടോജോ ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണന്, സെക്രട്ടറി ഡി. സുകേശന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.