പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം : 30-ാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും
1539826
Saturday, April 5, 2025 5:54 AM IST
പരവൂർ: പുറ്റിംഗൽ വെടിക്കെട്ട് ദുരന്ത കേസിലെ 30-ാം പ്രതി അടൂർ ഏറം സ്വദേശി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾക്കായി കേസ് പരിഗണിക്കുന്നത് 29 ലേക്ക് മാറ്റി.
കൊല്ലം നാലാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്. സുഭാഷിന്റെ കോടതിയിലാണ് ഇന്നലെ കേസ് പരിഗണനയ്ക്ക് വന്നത്.അനുരാജിനെതിരേ വാറണ്ട് ഇപ്പോഴും നിലനിൽക്കുകയാണ്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനുള്ള കോടതി നടപടികൾ തുടങ്ങാൻ തീരുമാനിച്ചിട്ടുള്ളത്.ഇതിനിടെ പ്രതിയെ ഹാജരാക്കുന്നതിന് അയാളുടെ ജാമ്യക്കാരും അവരുടെ അഭിഭാഷകനും വീണ്ടും കോടതിയോട് സാവകാശം ആവശ്യപ്പെട്ടു.
ജാമ്യക്കാർക്ക് എതിരേ പിഴത്തുക നിശ്ചയിച്ച് ഈടാക്കുന്നതിനായി കേസ് ഈ മാസം 19 നു പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.