കെഎസ്ആര്‍ടിസി പണിമുടക്ക്; കൊട്ടാരക്കരയില്‍ ബസുകള്‍ക്ക് കേടുപാടുണ്ടാക്കി
1511358
Wednesday, February 5, 2025 6:08 AM IST
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്കിനിടെ കൊട്ടാരക്കര ഡിപ്പോയില്‍ പത്തോളം ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. ബസുകളിലെ ആക്സിലേറ്റര്‍ റാഡുകള്‍, വയറിംഗ് കിറ്റ്, കേബിളുകള്‍, ഹെഡ് ലൈറ്റ് സെറ്റ് എന്നിവയ്ക്കാണ് കേടുവരുത്തിയത്. ഇന്നലെ രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരാണ് ഇത് കണ്ടത്.
അഞ്ച് ഫാസ്റ്റ് പാസഞ്ചറും, അഞ്ചു ഓര്‍ഡിനറി ബസുകളുമാണ് കേടുവരുത്തിയത്. പണിമുടക്കിനിടെ ബസുകള്‍ സര്‍വീസ് നടത്താതിരിക്കാനാണ് കേടുപാടുകളുണ്ടാക്കിയതെന്നാണ് നിഗമനം. ഒന്‍പത് ബസുകള്‍ അറ്റകുറ്റപണി നടത്തി വളരെ വൈകി സര്‍വീസ് നടത്തി.
സംഭവത്തില്‍ കൊട്ടാരക്കര എടിഒ പൊലിസില്‍ പരാതി നല്കി. ഇത്രയധികം ബസുകളില്‍ കേടുപാടുണ്ടാക്കിയിട്ടും കൊട്ടാരക്കര ഡിപ്പോ അധികൃതരൂടെ ശ്രദ്ധയില്പെടാത്തത് കനത്ത സുരക്ഷ പാളിച്ചയാണെന്നുംആക്ഷേപമുയർന്നു.
അതേസമയം, കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവര്കെഎസ്ആര്ടിസി ജീവനക്കാരെങ്കില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.