ആയിരനെല്ലൂരില്‍ തോട്ടില്‍ മാലിന്യം തള്ളിയ സംഭവം: രണ്ടുപേര്‍ പിടിയില്‍
1511349
Wednesday, February 5, 2025 6:08 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ വിളക്കുപാറ ആയിരനെല്ലൂര്‍ പാതയില്‍ കനാലിന് സമീപം ഇറച്ചി മാലിന്യം വന്‍തോതില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപേരെ അഞ്ചല്‍ റേഞ്ച് വനപാലകര്‍ പിടികൂടി. ഏരൂര്‍ പത്തടി ചരുവിള പുത്തന്‍വീട്ടില്‍ ഷാജഹാന് (42), കുളത്തൂപ്പുഴ പച്ചയില്ക്കടയില് ദാസ് മണ്‍സിലില്‍ ജാഫര്‍ഖാന്‍ (42) എന്നിവരാണ് പിടിയിലായത്. ഇവര്‍ മാലിന്യം എത്തിച്ച പിക്കപ്പും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പിക്കപ്പില്‍ എത്തിച്ച മാട്ടിറച്ചി മാലിന്യം പാതയോരത്ത് നിന്നും വനമേഖലയിലെ തോട്ടിലേക്ക് തള്ളിയത്. മാലിന്യം തള്ളിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തുകയും പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തതോടെയാണ് മാലിന്യ നിക്ഷേപകരെകണ്ടെത്താനുള്ള അന്വേഷണം ഊർജിതമായത്.
സ്ഥലത്ത് പരിശോധനക്കെത്തിയ പഞ്ചായത്ത് അധികൃതര്‍ വനം, പോലീസ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. വനമേഖലയില്‍ മാലിന്യം തള്ളി, വന്യജീവികളുടെ ആവാസ വ്യവസ്ഥക്ക് കോട്ടംവരുത്തുവിധം പ്രവര്‍ത്തിച്ചു എന്നതടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത വനം വകുപ്പ് കഴിഞ്ഞ ദിവസം രാത്രിയിൽ പ്രതികളെ തിരിച്ചറിയുകയും വേഗത്തില്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
തുടര്‍ന്നു അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും മാലിന്യം തള്ളിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വനമേഖലയില്‍ അതിക്രമിച്ചു കടക്കുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാര്‍ പറഞ്ഞു.
അതേസമയം ഏരൂര്‍ പഞ്ചായത്ത് അധികൃതരും സംഭവത്തില്‍ കനത്ത നടപടികളിലേക്കാണ് പോകുന്നത്. പ്രതികള്‍ ശേഖരിച്ച മാലിന്യങ്ങള്‍ എവിടെ നിന്നാണോ ശേഖരിച്ചത് ആ സ്ഥാപനങ്ങളുടെ എല്ലാം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനോടൊപ്പം വലിയ തുക പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.