കാർഷിക മേഖലയിലെ മാറ്റം അറിയിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വലുത്: ഡോ. ടി. പ്രദീപ്കുമാർ
1510758
Monday, February 3, 2025 6:28 AM IST
‘കായംകുളം: കാർഷിക മേഖലയിലെ മാറ്റങ്ങൾ കടന്നുവരുന്നത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി കൊച്ചിയിലെ മത്സ്യ- സമുദ്ര ശാസ്ത്ര സർവകലാശാല (കുഫോസ്)വൈസ് ചാൻസിലർ ഡോ. ടി. പ്രദീപ്കുമാർ.
കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനം കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ' മാറുന്ന കാർഷിക മേഖലയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സിപിസിആർഐ മുൻ ഡയറക്ടർ ഡോ. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വർത്തമാനകാല മാധ്യമ പ്രവർത്തനം അച്ചടിയുടെയും ഡിജിറ്റൽ യുഗത്തിന്റേയും ഇടകലർന്ന സങ്കര മാധ്യമ പ്രവർത്തന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിൽ ഇല്ലാത്ത കാര്യങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുന്നു. കാർഷിക മാസികകൾ കാര്യങ്ങൾ നേരിട്ട് മനസിലാക്കി പൂർണ വിശ്വാസ യോഗ്യമായ കാര്യങ്ങളാണ് വായനക്കാർക്ക് നൽകുന്നതെന്ന് ശില്പശാല അഭിപ്രായപ്പെട്ടു.
കാർഷിക മാധ്യമരംഗത്തെ ടി.കെ. സുനിൽകുമാർ (കർഷക ശ്രീ), അഞ്ജനാ നായർ (അഗ്രിക്കൾച്ചർ ടുഡേ), ശ്രീ ശ്രീപദ്രേ ( അടിക്കൈ പത്രികെ), സുരേഷ് മുതുകുളം (കൃഷി ജാഗരൻ), ജി. അഞ്ജുഷ (ദൂരദർശൻ ), ജയിംസ് തുരുത്തതിമാലിൽ , ജി.എസ്. ഉണ്ണികൃഷ്ണൻ നായർ (റിട്ട. കൃഷി വകുപ്പ്), വൈ.എസ്. ജയകുമാർ (ദീപിക), മുരളീധരൻ തഴക്കര (റിട്ട. ആകാശവാണി), സാജൻ ഗോപാൽ (ദൂരദർശൻ റിട്ട.) തുടങ്ങിയവരും കേരള കാർഷിക സർവകലാശാലയിലെ ഡോ. സി. ഭാസ്ക്കരൻ, ഡോ. വി.ബി. പത്മനാഭൻ, ഡോ. ശ്രീവത്സൻ ജെ. മേനോൻ, സിപിസിആർഐ ശാസ്ത്രജ്ഞരായ ഡോ. സി. തമ്പാൻ, ഡോ. എം.കെ. രാജേഷ്, ഡോ. പി. മുരളീധരൻ, ഡോ. കെ.പി. ചന്ദ്രൻ, ഡോ. എസ്. ജയശേഖർ, ഡോ. ടി. ശിവകുമാർ, ശ്രീകാര്യത്തെ കിഴങ്ങ് വർഗ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ. ഡി. ജഗന്നാഥൻ, നാളീകേര വികസന ബോർഡ് ഡയറക്ടർ ടി. ബാലസുധാഹരി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ, സിപിസിആർഐ കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. റെജി ജേക്കബ് തോമസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിച്ചു.'ഹോർത്തുസ് മലബാറിക്കസ് ' വീഡിയോ ഡോക്കുമെന്ററിയുടെ നടന്നു. മാധ്യമ പ്രവർത്തകർ, മാധ്യമ വിദ്യാർഥികൾ, കാർഷിക വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പരിശോധനയില്ലാതെ ഇറക്കുമതി ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു’
കായംകുളം: ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും
പരിശോധനയില്ലാതെ വിറ്റഴിക്കുന്നതായി കൊച്ചിയിലെ മത്സ്യ- സമുദ്ര ശാസ്ത്ര സർവകലാശാല (കുഫോസ്)വൈസ് ചാൻസിലർ ഡോ. ടി. പ്രദീപ്കുമാർ.
കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനം കായംകുളം പ്രാദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിൽ നിന്ന് വൻതോതിൽ ഇന്ത്യയിലെക്ക് കണ്ടയ്നറുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്പോൾ അതിൽ ചെറിയൊരു ഭാഗം മാത്രം ലാബിൽ പരിശോധനയ്ക്കു വിധേയമാക്കുന്നു. ലഭിച്ച സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബാക്കിയുള്ളവ വിറ്റഴിക്കുന്നു. കാർഷിക മേഖലയിൽ വിദേശ സസ്യങ്ങളേയും ജീവികളേയും ഇറക്കുമതി ചെയ്യുന്നു. ലാബുകളിൽ ക്വാറന്റൈൻ കാലാവധി പോലും നിരീക്ഷണ വിധേയമാക്കുന്നില്ല.
വിയറ്റ്നാം പ്ലാവിലൂടെ കടന്നുവരുന്ന തണ്ടു തുരപ്പൻ പുഴു എങ്ങനെ ദോഷകരമായി കേരളത്തിലെ കൃഷിയെ ബാധിക്കുമെന്ന് ആരും പഠിക്കുന്നില്ല. ഗുണകരമല്ലെന്ന് കണ്ടെത്തിയതിനാൽ നാനോ യൂറിയ പഞ്ചാബിൽ നിരോധിച്ചു. എന്നാൽ ആ വാർത്തയ്ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നവിധത്തിൽ മാധ്യമങ്ങൾ നൽകിയില്ലെന്നും കേരളത്തിലെ കർഷകർ നാനോ യൂറിയ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.