വീസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്: ഒരാള്‍ പിടിയില്‍
1511050
Tuesday, February 4, 2025 7:34 AM IST
അഞ്ചല്‍: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ചങ്ങനാശേരി പായിപ്പാട് സ്വദേശി പാസ്റ്റര്‍ തോമസ് രാജനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇംഗ്ലണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചല്‍ സ്വദേശികളായ മൂന്നുപേരില്‍ നിന്നായി 28 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിലാണ് തോമസ് രാജനെ പിടികൂടിയത്. അന്വേഷണത്തില്‍ സംസ്ഥാനത്ത് ഉടനീളം ഇയാള്‍ സമാനമായി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതുസംബന്ധിച്ച നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പോലീസ് കേസെടുത്തെന്ന് മനസിലാക്കിയതോടെ വീട്ടില്‍ നിന്ന് ഒളിവില്‍ പോയ പ്രതി തിരുവല്ലക്കടുത്ത് ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. പലതവണ ഇയാളുടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പോലീസ് പിടികൂടാന്‍ ശ്രമിക്കുമ്പോഴും മുങ്ങുകയായിരുന്നു.
അഞ്ചല്‍ പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കാര്‍ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്‍ രക്ഷപെടാന്‍ ശ്രമിക്കവേയാണ് കഴിഞ്ഞ ദിവസം ചങ്ങനാശേരിക്കു സമീപത്ത് നിന്ന് പോലീസ് പിടികൂടുന്നത്. ഇയാളുടെ അക്കൗണ്ട് വഴി മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിക്കുമെന്നും പോലീസ് കരുതുന്നു. തട്ടിപ്പ് കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സൂചനയും പോലീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ വിദേശത്താണ്.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്, ഗ്രേഡ് എസ്ഐ മധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ അബീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.