സ്ത്രീകളിലെ കാന്‍സര്‍ ചികിത്സ: കര്‍മ പദ്ധതിക്ക് ഇന്ന് തുടക്കം
1511042
Tuesday, February 4, 2025 7:34 AM IST
കൊല്ലം: സ്ത്രീകളിലെ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനുള്ള കര്‍മപദ്ധതിക്ക് കാന്‍സര്‍ ദിനമായ ഇന്ന് തുടക്കമാകും.
‘ആരോഗ്യം ആനന്ദം' എന്ന പേരില്‍ ‘അകറ്റാം അര്‍ബുദം' എന്ന മുദ്രാവാക്യവുമായി നടത്തുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വനിതാ ദിനമായ മാര്‍ച്ച് എട്ട് വരെയാണ് ക്യാമ്പയിന്. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് കൊല്ലം പാല്‍ക്കുളങ്ങര കാഷ്യൂ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ കശുവണ്ടി ഫാക്ടറിയില്‍ എം. നൗഷാദ് എംഎല്‍എ നിര്‍വഹിക്കും. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ഉണ്ടാകും. ജില്ലയിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.
30 മുതല്‍ 65 വയസ് വരെയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കാന്‍സര്‍ പ്രതിരോധ പരിശോധനാ പരിപാടിക്ക് തുടക്കമിടുന്നത്.
സിനിമാതാരം മഞ്ജു വാര്യരാണ് ബ്രാന്‍ഡ് അംബാസഡര്‍. സ്ത്രീകളുടെ സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെ കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ സംബന്ധിച്ച് സമൂഹത്തിലെ മിഥ്യാധാരണകളും ഭീതിയും അകറ്റുക, കാന്‍സര്‍ ബാധിതരോട് സഹാനുഭൂതി വര്‍ധിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, രോഗം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയും മരണനിരക്ക് കുറക്കുകയും ചെയ്യുക തുടങ്ങിയവയാണ് കൈമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകള്‍, റീജണല്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങള്‍, ആരോഗ്യ കേരളം, കാന്‍സര്‍ രംഗത്തെ സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
രോഗം സംബന്ധിച്ച് വ്യാപക ബോധവത്കരണം നടത്തുകയും സ്ത്രീകളെ പരിശോധനക്ക് പ്രേരിപ്പിക്കുകയും ചെയ്യും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ സൗജന്യമായിരിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും.
സ്തനാര്‍ബുദ പ്രാഥമിക പരിശോധനക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ കാലയളവില്‍ പ്രത്യേക സൗകര്യം ഒരുക്കും. ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം സ്ത്രീകളുടെ കാന്‍സര്‍ പരിശോധനക്ക് മാത്രമായി നീക്കിവക്കും. പ്രാഥമിക പരിശോധനയില്‍ രോഗം സംശയിക്കുന്നവരെ പ്രധാന ആശുപത്രികളില്‍ പരിശോധനക്ക് വിധേയരാക്കി രോഗനിര്‍ണയം നടത്തും. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകള്‍, ജില്ലാ/ജനറല്‍ ആശുപത്രികള്‍, കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ ചികിത്സാകേന്ദ്രങ്ങളില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ചികിത്സയൊരുക്കും.