ലേബർ കോഡ് നടപ്പാക്കുന്നത് അവകാശങ്ങൾ ഇല്ലാതാക്കാൻ: ടി.പി. രാമകൃഷ്ണൻ
1511047
Tuesday, February 4, 2025 7:34 AM IST
പുനലൂർ: ലേബർ കോഡ് നടപ്പാക്കുന്നത് മിനിമം കൂലി ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനെന്ന് എൽഡിഎഫ് കൺവീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ.
സിപി എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള 29 നിയമങ്ങൾ റദ്ദാക്കി പകരം ലേബർ കോഡ് വന്നാൽ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത അവകാശങ്ങൾ പലതും അട്ടിമറിക്കപ്പെടും. അതിലൊന്ന് മിനിമം കൂലിയാണ്. മറ്റൊന്ന് എട്ടുമണിക്കൂർ ജോലിയെന്ന അനേകായിരം തൊഴിലാളികളുടെ ജീവൻ കൊടുത്ത് നേടിയ അവകാശമാണ്. അത് 12 മണിക്കൂറാകും. കർണാടകയിലും തെലങ്കാനയിലും ഇത് നടപ്പാക്കിയിട്ടുണ്ട്. രണ്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഈ നിയമം പാർലമെന്റിൽ പാസാക്കുമ്പോൾ അനുകൂല നിലപാടാണ് കോൺഗ്രസ് എംപിമാർ സ്വീകരിച്ചത്. എന്നാൽ തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്ന ഏതെങ്കിലും ആനുകൂല്യം ഇല്ലാതാക്കുന്ന ഒരു നിയമവും കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സിഐടിയു പുനലൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് സുധീർലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ്. ജയമോഹൻ, ജോർജ് മാത്യു, എം.എ. രാജഗോപാൽ, പി. സജി, എസ്. ബിജു, ഹണി ബാലചന്ദ്രൻ, എ.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.
കടയ്ക്കലിൽ നടന്ന സംഗമവും ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.