വിളക്കുപാറയിലെ മാലിന്യ നിക്ഷേപം: വാഹനം തിരിച്ചറിഞ്ഞതായി സൂചന
1511046
Tuesday, February 4, 2025 7:34 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചയത്തിലെ വിളക്കുപാറ ആയിരനെല്ലൂര്‍ പാതയില്‍ കനാലിന് സമീപം ഇറച്ചി മാലിന്യം നിക്ഷേപിച്ചു. ഇന്നലെ പിക്കപ്പില്‍ എത്തിയ സാമൂഹ്യവിരുദ്ധരാണ് ഇറച്ചി മാലിന്യം തള്ളിയത്. പിന്നാലെ എത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ മാലിന്യം തള്ളിയ വാഹനത്തിന്റെ ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്തി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി.
ഇതേ തുടര്‍ന്ന് സ്ഥലത്ത് ജനപ്രതിനിധികള്‍ പരിശോധന നടത്തി. പല ദിവസങ്ങളിലായി നിക്ഷേപിച്ചമാലിന്യം കൂന്പാരമാണ് ജനപ്രതിനിധികൾ കണ്ടത്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് ടണ്‍ കണക്കിനു മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.
മാലിന്യത്തിന്റെ ദുര്‍ഗന്ധം കിലോമീറ്ററുകളോളം എത്തുകയാണ്. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു.
വനത്തില്‍ മാലിന്യം തളിയതിനും വന്യ ജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതിനും വനം വകുപ്പ് കേസെടുത്തു. പഞ്ചായത്ത് നിയമ നടപടികള്‍ ആരംഭിച്ചു. കിഴക്കന്‍ മേഖലയില്‍ ഇറച്ചി വെട്ടുകാരുടെ മാലിന്യങ്ങള്‍ ശേഖരിച്ച് വിളക്കുപാറയിൽ കൊണ്ടിടുന്നതായാണ് കരുതുന്നത്.
മാലിന്യം സമീപത്തെ കൈത്തോട്ടിലേക്ക് എത്തി തോട് നിറഞ്ഞ അവസ്ഥയിലാണ്. തോട്ടിലെ വെള്ളം ചെന്നുപതിക്കുന്നത് കല്ലടയാറ്റിലാണ്. മാലിന്യ നിക്ഷേപകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.