നടയ്ക്കൽ ഏലായിൽ വിളവെടുപ്പ് തുടങ്ങി
1511355
Wednesday, February 5, 2025 6:08 AM IST
ചാത്തന്നൂർ : നടയ്ക്കൽ ഏലായിൽ കൊയ്ത്ത് തുടങ്ങി. അഞ്ച് വർഷം മുമ്പ് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ആണ് പത്ത് ഏക്കറോളം വരുന്ന തരിശ് നിലം നെൽകൃഷി ചെയ്ത് തുടങ്ങിയത്.
നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്സ് ക്ലബ് ആന്റ് ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രകുറുപ്പ് ദേശീയപാത സ്ഥലമേറ്റെടുപ്പ് ഓഫീസ് അഞ്ചൽ യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്കുമാർ നടയ്ക്കൽ, ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ എന്നിവരാണ് കൃഷിക്ക് നേതൃത്വം കൊടുത്തത്.
ഉമ, മനു,വർണ എന്നീ നെല്ലിനങ്ങൾ ആണ് കൃഷി ചെയ്തത്. കീടനാശിനി ഉപയോഗിച്ചിട്ടില്ലാത്തതും അമിത രാസവളം പ്രയോഗിച്ചിട്ടില്ലാത്തതുമായ നെല്ല് അരിയാക്കി ആവശ്യക്കാർക്ക് നൽകാനാണ് തീരുമാനം. കൊയ്ത്ത് യന്ത്രവും, തൊഴിലാളികളും ചേർന്നാണ് വിളവെടുപ്പ്. ഓരോ വർഷവും ഇരുന്നൂറ്റിഅമ്പതിൽപരം തൊഴിൽദിനങ്ങൾ ഈ കൃഷി മൂലം സൃഷ്ടിക്കപെടുന്നു.
നെല്ലിന്റെ താങ്ങുവില വർധിപ്പിക്കാത്തതും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ സബ്സിഡി നിർത്തലാക്കിയതും നെൽകൃഷിയിൽ നിന്ന് പിന്മാറാൻ കർഷകരെ നിർബന്ധിതരാക്കുകയാണ്.അതുപോലെ നെൽകൃഷിക്ക് അത്യാവശ്യ ഘടകമായ യൂറിയ വളം ആവശ്യത്തിന് വേണ്ട സമയം കർഷകർക്ക് ലഭിക്കുന്നില്ല.കർഷകർ നേരിടുന്ന മറ്റൊരു പ്രശ്നം വൈക്കോൽ വിറ്റഴിക്കാൻ കഴിയാത്തതാണ്.
വൈക്കോൽ സബ്സിഡിയായി നൽകുന്ന പദ്ധതി കല്ലുവാതുക്കൽ പഞ്ചായത്തിലുണ്ട്.ആവശ്യമായ വൈക്കോൽ ഈ പഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നു.അത് സബ്സിഡി നിരക്കിൽ നിന്ന് കുറച്ചു ക്ഷീര കർഷകർക്ക് നൽകാൻ തയാറുമാണ്. എന്നിട്ടും വൈക്കോൽ തമിഴ്നാട്ടിൽ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. വയ്ക്കോൽ ഏറ്റെടുത്തു വില്പന നടത്തിയാൽ കർഷകർക്ക് അതൊരു ആശ്വാസം ആകും.
നാടിന്റെ കാർഷിക സംസ്കാരം നിലനിർത്തുന്നതിനും ജലദൗർലഭ്യത്തിന് പരിഹാരം കാണുന്നതിനും ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും നെൽകൃഷി മൂലം സാധിക്കുന്നതായി സാമൂഹ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.