‘അധികാര കേന്ദ്രീകരണ നീക്കം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’
1511043
Tuesday, February 4, 2025 7:34 AM IST
കൊല്ലം: അധികാര കേന്ദ്രീകരണത്തിനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ പ്രഫ. പ്രഭാത് പട്നായിക്. സിപിഎം സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിന്റെ അടിത്തറ തകർത്താണ് ജിഎസ്ടി നടപ്പാക്കിയത്. ഇത് അവർക്ക് താൽപര്യമില്ലാത്ത സംസ്ഥാന ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള അവസരമായും ഉപയോഗിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകളെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള കേന്ദ്രനീക്കത്തിന്റെ വക്താക്കളാണ് ഗവർണർമാരെന്ന് സെമിനാറിൽ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആ പദവി അനാവശ്യമാണെന്നാണ് സിപിഐയുടെ പക്ഷം.
നിയമ നിർമ്മാണ സഭകളെ നോക്കുകുത്തികളാക്കി അധികാര കേന്ദ്രീകരണത്തിനുള്ള നീക്കം ജനാധിപത്യത്തിന് അപകടകരമാണെന്ന് സെമിനാറിൽ പങ്കെടുത്ത നിയമസഭ ചീഫ് വിപ് ഡോ. എൻ. ജയരാജ് അഭിപ്രായപ്പെട്ടു.കേന്ദ്ര - സംസ്ഥാന ബന്ധം സംബന്ധിച്ച സർക്കാരിയ കമ്മിഷന്റെ ശിപാർശകൾ കാറ്റിൽപ്പറത്തിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ അഭിപ്രായപ്പെട്ടു. സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.