വേട്ടുതറയിൽ അടിപ്പാതയ്ക്കായി പ്രതിഷേധ ജ്വാല
1511049
Tuesday, February 4, 2025 7:34 AM IST
ചവറ: നീണ്ടകര വേട്ടുതറയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എൽഡിഎഫ് തെക്കുംഭാഗം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പള്ളി മുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജ്വാല നടയ്ക്കാവിൽ സമാപിച്ചു.
സംയുക്ത സമര സമിതിയെ മാറ്റിനിർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകാൻ എൽഡിഎഫ് തീരുമാനിച്ചു. അതിന്റെ ഭാഗമായിട്ടാണ് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ജ്വാല പ്രതിഷേധം സംഘടിപ്പിച്ചത്. സമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ്. പള്ളിപ്പാടൻ ഉദ്ഘാടനം ചെയ്തു. സിപിഎം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാധിപൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ബീനാദയൻ, ആർ. സന്തോഷ്, മണിക്കുട്ടൻ പിള്ള, യേശുദാസൻ, മണികണ്ഠൻ പിള്ള, ശിവപ്രസാദ്, ബി.കെ. വിനോദ്, മഹേന്ദ്രൻ, വിജയശ്രീ, ജയരാജു, പഞ്ചായത്ത് അംഗങ്ങളായ അപർണ, സ്മിത, സിന്ധു മോൾ എന്നിവർ പ്രസംഗിച്ചു.
അടിപ്പാത നിർമിക്കാമെന്ന ഉറപ്പു നൽകിയശേഷം വാക്കു പാലിക്കാത്ത എൻ.കെ. പ്രേമചന്ദ്രൻ എം പിക്കെതിരെ ശക്തമായ പ്രതിഷേധം എൽഡിഎഫ് കമ്മിറ്റി രേഖപ്പെടുത്തി. അടിപ്പാത അനുവദിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് എൽഡിഎഫ് കമ്മിറ്റി അറിയിച്ചു.