ജില്ലയിൽ ഏഷ്യൻ നീർപ്പക്ഷികളുടെ എണ്ണത്തിൽ നേരിയ വർധന
1510757
Monday, February 3, 2025 6:28 AM IST
കൊല്ലം: കൊല്ലത്ത് ഏഷ്യൻ നീർപക്ഷികളുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായെന്ന് ഏഷ്യൻ നീർപക്ഷി സർവേ റിപ്പോർട്ട്.
ജില്ലയിലെ തണ്ണീർത്തടങ്ങളിലും തീരദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സർവേയിൽ 81 ഇനങ്ങളിലായി 11,525 പക്ഷികളെ നാലു മണിക്കൂറിനുള്ളിൽ കണ്ടെത്തി. ജില്ലയിലെ 15 പ്രദേശങ്ങളിൽ നടന്ന സർവേയിൽ 92 അംഗങ്ങൾ പങ്കെടുത്തു.
ഇവയിൽ 46 ഇനം പക്ഷികൾ ദേശാടന പക്ഷികളാണ്. കഴിഞ്ഞ വർഷം നടന്ന സർവേയിൽ 83 ഇനങ്ങളിൽ 11,470 പക്ഷികളെ കണ്ടെത്തിയിരുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെയും വോളന്റിയർമാർ, പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ കൊല്ലം ബേഡിംഗ് ബറ്റാലിയന്റെയും കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ നടത്തിയ ഏഷ്യൻ നീർപ്പക്ഷി സർവേയിലാണ് കണക്കെടുത്തത്.
ഉമയനല്ലൂർ ഏലാ, ചിറ്റുമല ചിറ, ചീലൂർ തടാകം, പോളച്ചിറ ഏലായുടെ രണ്ട് ഭാഗങ്ങൾ, ശാസ്താംകോട്ട തടാകം, മൺറോ ഐലൻഡ്, പൊഴിക്കര, ശക്തികുളങ്ങര-നീണ്ടകര, അഷ്ടമുടി, മൺറോ ഐലൻഡ്, കാരാളി ചതുപ്പു നിലങ്ങൾ, കണ്ടച്ചിറ, വെള്ളനാതുരുത്ത്, അഴീക്കൽ, പാവുമ്പ-തൊടിയൂർ എന്നീ പ്രദേശങ്ങളിലാണ് നീർപക്ഷികളെ നിരീക്ഷിച്ചത്.
മുൻ വർഷത്തെ പോലെ പാവുമ്പ തൊടിയൂർ മേഖലയിലാണ് ഈ വർഷവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്. 49 ഇനങ്ങളിലായി 1,824 പക്ഷികളി ഇവിടെ കണ്ടെത്തി. പോളച്ചിറ ഏലയിൽ 44 ഇനങ്ങളിലായി 1,641 പക്ഷികളെയും, ചിറ്റുമല ചിറയിൽ 33 ഇനങ്ങളിലായി 1,402 പക്ഷികളെയും കണ്ടെത്തി.
വെള്ളനാതുരുത്തിൽ 42 ഇനങ്ങളിലായി 1,150 പക്ഷികളെയും, അഴീക്കലിൽ 22 ഇനങ്ങളിലായി 1,037 പക്ഷികളെയും കണ്ടെത്തി. അതേസമയം പാവുമ്പ, ഉമയനല്ലൂർ ഏല, ശക്തികുളങ്ങര, നീണ്ടകര എന്നീ സ്ഥലങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായി.
എം.കെ. ശിവകുമാർ, അമ്പാടി സുഗതൻ, ഫൈസൽ ഫസലുദീൻ, ഡോ. നിർമൽ ജോർജ്, ജെ. ഒയ്ഗൻ, ഡോ. സർലീൻ പി. ജോൺ, അലൻ അലക്സ്, ഗോവിന്ദ് ഗിരിജ, നവനീത് സിനി ജോർജ്, ശ്രീവിജയ്, ആദർശ് അജയ്, പോളി കാർപ്പ് ജോസഫ്, റജി ചന്ദ്രൻ, വി. സീതാറാം, ഹരീഷ് ആർ. അയ്യർ എന്നിവരാന് സർവേക്ക് നേതൃത്വം നൽകി. സെന്റ് ഗ്രിഗോറിയസ് കോളജ് കൊട്ടാരക്കര, ഫാത്തിമാ മാതാ നാഷണൽ കോളജ് കൊല്ലം, ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ, അമൃത വിശ്വവിദ്യാപീഠം, ബിജെഎം കോളജ് ചവറ, ടികെഎം കോളജ് കൊല്ലം, പെരുമൺ എൻജിനീയറിംഗ് കോളജ് എന്നീ കോളജുകളിലെ വിദ്യാർഥികൾ സർവേയിൽ പങ്കെടുത്തു.