കലാ-സാംസ്കാരിക സന്നദ്ധ സംഘടനാ കൂട്ടായ്മ ഇന്ന്
1511036
Tuesday, February 4, 2025 7:34 AM IST
പാരിപ്പള്ളി: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിനെതിരെ പോലീസ് വ്യാജകേസ് എടുത്തിൽ പ്രതിഷേധിച്ച് കലാ-സാംസ്കാരിക സാമൂഹ്യ സന്നദ്ധ സംഘടനകൾ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് പാരിപ്പള്ളി സംസ്കാര ഹാളിലാണ് പ്രതിഷേധ കൂട്ടായ്മ.
നിർധന യുവതികളുടെ മംഗല്യം, ചികിത്സാസഹായം, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമതയ്ക്കുള്ള സജീവ പങ്കാളിത്തം, നിർധനർക്കുള്ള ഭവന നിർമാണം, കോവിഡ് കാലംപോലുള്ള അതിജീവന ഘട്ടങ്ങളിലെ ഇടപെടൽ, ക്ഷേത്രോത്സവങ്ങളിലും പള്ളിയാഘോഷങ്ങളിലും സമാനമായ സഹായ ഹസ്തമാണ് അദ്ദേഹം.
നൂറിൽപ്പരം കുടുംബങ്ങൾക്കുള്ള തൊഴിൽ ദാതാവുകൂടിയാണ് സന്തോഷ് കുമാർ. നടയ്ക്കൽ മേഖലയിൽ മയക്കുമരുന്ന് വ്യാപനവും, മയക്കുമരുന്ന് കച്ചവടവും കൂടിയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തിൽ ജാഗ്രതാസമിതി ക്രമീകരിച്ചപ്പോൾ നൂറ് കണക്കിന് പേർ സജീവമായി രംഗത്ത് എത്തിയിരുന്നു. 2023 ലെ തിരുവോണ ദിവസം ഉണ്ടായ സംഘർഷത്തിനിടയിലേക്ക് സന്തോഷ് കുമാർ കടന്നുവരികയും, സംഘർഷം ഒഴിവാക്കാനായി ഇടപെടുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസ് സന്തോഷ് കുമാറിനെ രണ്ടാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
നിരപരാധിയാണെന്ന ഉത്തമ വിശ്വാസത്തിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കും, പോലീസ് അധികാരികൾക്കും സന്തോഷ് കുമാറും ഭാര്യയും സമർപ്പിച്ച പരാതിയിൽ പുനഃരന്വേഷണത്തിന് ഉത്തരവ് നൽകി. പുനരന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വേണു സി. കിഴക്കനേല അറിയിച്ചു.