സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാക്കണം: രാമചന്ദ്രന് കടന്നപ്പള്ളി
1511044
Tuesday, February 4, 2025 7:34 AM IST
കൊല്ലം: സമയബന്ധിതവും സുതാര്യവും സുഗമവുമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന രജിസ്ട്രേഷന് വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഡിഐജി, ഡിആര്‍ തലം മുതല്‍ താഴോട്ട് അതത് അധികാരികള്‍ തീര്‍പ്പുകല്‍പിക്കാവുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
അണ്ടര്‍ വാല്യൂവേഷന്‍ കേസുകളിലെ വ്യവഹാരങ്ങള്‍ ഒഴിവാക്കാനായി പ്രഖ്യാപിച്ച സെറ്റില്‍മെന്റ് സ്കീമും കോമ്പൗണ്ടിംഗ് സ്കീമും അനുസരിച്ച് മാര്‍ച്ച് 31 നകം പരമാവധി കേസുകളില്‍ തീര്‍പ്പാക്കി അവസാനിപ്പിക്കാൻ നിര്‍ദേശിച്ചു.
ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രാവന്‍കൂര്‍- കൊച്ചിന് സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ റിട്ടേൺ മാര്‍ച്ച് 31 വരെ സമർപ്പിക്കാം.
രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ്, ജോയിന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ. സാജന് കുമാര്‍, കൊല്ലം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.എന്‍. കൃഷ്ണപ്രസാദ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ടി.എസ്. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.