ഏരൂര്‍ കെട്ടുപ്ലാച്ചി- കിണറ്റുമുക്ക് റോഡ് നിര്‍മാണം തുടങ്ങിയിട്ട് രണ്ടര വര്‍ഷം
1510751
Monday, February 3, 2025 6:28 AM IST
അഞ്ചല്‍: പ്രധാന മന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2022 മേയിലാണ് ഏരൂര്‍ പഞ്ചായത്തിലെ കെട്ടുപ്ലാച്ചി- ഇളവറാംകുഴി- പാങ്ങുപ്പാറതടം- കിണറ്റുമുക്ക് ചര്‍ച്ച് പാതയുടെ നിര്‍മാണം ആരംഭിച്ചത്.
രണ്ടര വര്‍ഷം പിന്നിടുമ്പോഴും പാതയുടെ നിര്‍മാണം എങ്ങും എത്തിയിട്ടില്ല. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി നാല് കിലോമൂറ്ററിലധികം ഭാഗം പൂര്‍ണമായി കുത്തിപ്പൊളിച്ചു. ആദ്യഘട്ട മെറ്റലും പാകി. ഇപ്പോള്‍ പാതയില്‍ ഇട്ട മെറ്റല്‍ ഉള്‍പ്പടെ ഇളകി മാറി. മഴപെയ്താല്‍ ചെളിക്കളമായിമാറും. കാറ്റായാല്‍ രൂക്ഷമായ പൊടിപടലം ഉയരും. കാല്‍നട ദുഷ്കരമായി. പലതവണ പല രീതിയില്‍ അധികാരികള്‍ക്കും ജനപ്രതിനിധികള്‍ക്കും മുമ്പില്‍ പരാതി എത്തി.
പക്ഷേ പാതയുടെ നിര്‍മാണം മാത്രം എങ്ങും എത്തിയിട്ടില്ല. ആശുപത്രിയിൽ ഉൾപ്പെടെ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. ഇരുചക്ര വാഹന യാത്രികര്‍ നിത്യവും അപകടത്തില്‍പ്പെടുന്നു. സ്കൂള്‍, ആരാധനാലയം, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടക്കം പാതയോരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ സര്‍വീസ് നടത്തുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുമ്പോള്‍ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്തു കരാറുകാരന് വീണ്ടുമെത്തും. കരാറുകാരന്റെ അനാസ്ഥയാണ് റോഡ് നിര്‍മാണം വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ജനങ്ങളുടെ സഞ്ചാര മാര്‍ഗം തടസപ്പെടുന്നതിനൊപ്പം പാതയോരത്ത് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇനിയും പാതയുടെ നിര്‍മാണം വൈകിയാല്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നൽകി.എന്നാല്‍ കരാറുകാരന് ബില്‍ തുക മാറി നൽകാന് അധികൃതര്‍ വൈകിപ്പിക്കുന്നതായ ആക്ഷേപവുമുണ്ട്. മൂന്നുകോടി ചെലവഴിച്ചാണ് ആധുനിക രീതിയില്‍ പാതയുടെ നവീകരണം നടത്തുന്നത്.