തൊഴിലാളികളെ പരിഗണിക്കാത്ത ബജറ്റ്: സിഐടിയു
1510466
Sunday, February 2, 2025 5:55 AM IST
കൊല്ലം: ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായ കശുവണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽ മേഖലകളെയോ തൊഴിലാളികളെ പൊതുവിലോ തീരെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സാധാരണ തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്ന നടപടികൾ ബജറ്റിലില്ല. കശുവണ്ടി വ്യവസായ മേഖലയ്ക്കു ഉത്തേജനം പകരുന്ന പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. ബീഹാറിലെ താമര വിത്തിന് പോലും പ്രത്യേക ബോർഡ് അനുവദിച്ചപ്പോൾ കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ കുറിച്ച് ഒരു പരാമർശം പോലും ബജറ്റിൽ ഇല്ല.
തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം എടുത്തു കളയാനും സംസ്കരിച്ച പരിപ്പിന്റെ നേരിട്ടുള്ള ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാനുമുള്ള കശുവണ്ടി വ്യവസായത്തിന്റെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. കൊല്ലത്തെ പാർവതിമിൽ അടക്കം നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ അധീനതയിലുള്ള അടച്ചുപൂട്ടിയ തുണിമില്ലുകൾ തുടർന്നു പ്രവർത്തിക്കാൻ നടപടിയില്ല.
പൊതുമേഖലാ സ്ഥാപനങ്ങളായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്നിവക്കോ റബർ മേഖലക്ക് പൊതുവിലോ യാതൊരു സഹായവും ബജറ്റിലില്ല. കോവിഡ് പ്രതിസന്ധിക്ക് ശേഷം രൂക്ഷമായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
കൊല്ലം തുറമുഖ വികസനത്തിനും ബജറ്റിൽ ശുപാർശകളില്ല. ആശാ, അങ്കണവാടി സ്കീം വർക്കർമാരുടെ വേതനത്തിലെ കേന്ദ്ര വിഹിതത്തിലും യാതൊരു വർധനയും നടപ്പാക്കിയില്ല. നിലവിൽ ഒട്ടും കാര്യക്ഷമമല്ലാത്ത ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതിയിൽ ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളെ ഉൾപ്പെടുത്തും എന്ന പ്രഖ്യാപനം പ്രായോഗികമായി തൊഴിലാളികൾക്ക് ഗുണകരമാവില്ല.
ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിലാളികളെ പരിപൂർണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും പറഞ്ഞു.