മാറ്റത്തിനൊത്ത് മാധ്യമപ്രവർത്തക ശൈലി മാറ്റണം : കെ.എം. സാബു മാത്യു
1510454
Sunday, February 2, 2025 5:52 AM IST
കൊല്ലം: കേരളാ ജേർണലിസ്റ്റ് യൂണിയൻ(കെജെയു) ജില്ലാ സമ്മേളനം നടന്നു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. മാറിയ കാലത്തിനനുസരിച്ച് മാധ്യമപ്രവർത്തകരും പ്രവർത്തന ശൈലി മാറ്റണമെന്നും പുരോഗമനാത്മക മാധ്യമ പ്രവർത്തനമാണ് നാടിനാവശ്യമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കെജെയു കൊല്ലം ജില്ലാ പ്രസിഡന്റ് വർഗീസ് എം. കൊച്ചുപറമ്പിൽ സമ്മേളനത്തിൽ അധ്യക്ഷനായി. ഐജെയു ദേശീയ സമിതിയംഗം ആഷിക് മണിയൻകുളം മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, വൈസ് പ്രസിഡന്റുമാരായ സനൽ അടൂർ, മണിവസന്തം ശ്രീകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ബി. തമ്പി, എം. സുജേഷ്, ബിനോയി വിജയൻ, കെ.ആർ. ജയകുമാർ, ഗിരീഷ് ബാബു, മുളവൂർ സതീഷ്, അശ്വിൻ പഞ്ചാക്ഷരി, അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു .
ചടങ്ങിൽ 25 വർഷം പൂർത്തീകരിച്ച മാധ്യമ പ്രവർത്തകരെ ആദരിച്ചു. പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമനിധി നടപ്പാക്കുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക, മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ തടയാൻ നടപടിയെടുക്കുക എന്നിവ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ആർ. ജയകുമാറിനെ പ്രസിഡന്റായും കെ. ശിവപ്രസാദിനെ ജില്ലാ സെക്രട്ടറിയായും അനിൽ ഈണത്തെ ട്രഷറർ ആയും തെരഞ്ഞെടുത്തു.