അനധികൃത ഫണ്ട് വിനിയോഗം; മുഖ്യമന്ത്രിക്ക് പരാതി നൽകി
1510467
Sunday, February 2, 2025 5:55 AM IST
പരവൂർ: പരവൂർ നഗരസഭയിൽ പൊതുഫണ്ട് അനധികൃത നിർമാണത്തിന് ഉപയോഗിച്ചതായി കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. തെക്കുംഭാഗം- 17- ാം വാർഡിൽ കരീകായൽ തോട് നിർമാണ പദ്ധതിക്കെതിരെയാണ് പരാതി ഉയർന്നത്.
തോട് ഉൾപ്പെടുന്ന ഭൂമി സർക്കാർ പുറമ്പോക്കോ, നഗരസഭയുടേതോ അല്ലെന്നും, പദ്ധതി നടപ്പാക്കിയ ഭൂമി നഗരസഭയ്ക്ക് കൈമാറിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടാത്ത സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായി 20 ലക്ഷം രൂപ നഗരസഭാ വിനിയോഗിക്കുകയും തുടർന്ന് മൂന്നാം ഘട്ടമായി ഏഴ് ലക്ഷം രൂപയുടെ നിർമാണ പ്രവർത്തി നടത്താനും തയാറെടുക്കുന്നു.
ഇത് സ്വാകാര്യ ഭൂഉടമകളെ സഹായിക്കാനാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എ. ഷുഹൈബ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നഗരസഭ ആസ്തിയിൽ ഉൾപ്പെടുന്ന പ്രദേശത്തല്ല പദ്ധതി പ്രാവർത്തികമാക്കിയതെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ച സ്ഥിതിക്ക് തുടർ നിർമാണ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനും, നഗരസഭയ്ക്ക് നഷ്ടം വരുത്തിയ കൗൺസിലർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ ആവശ്യപ്പെട്ടു.