പുനലൂർ നഗരസഭാ കെട്ടിടത്തിന്റെ തൂണുകളില്‍ വിള്ളല്‍
1494116
Friday, January 10, 2025 6:17 AM IST
അനിൽ പന്തപ്ലാവ്
പുനലൂര്‍ : ആറരവര്‍ഷമായി പുനരുദ്ധാരണം നടന്നുവരുന്ന പുനലൂര്‍ നഗരസഭയുടെ ഏഴുനില കെട്ടിടസമുച്ചയത്തിന്റെ തൂണുകളില്‍ വിള്ളല്‍. കോണ്‍ക്രീറ്റ് ഇളകി കമ്പിതെളിഞ്ഞ നിലയിലാണിപ്പോൾ. ഇതിനു മുകളിലായാണ് അഞ്ചുകോടിയോളം രൂപ മുടക്കി നവീകരണ ജോലികൾ നടക്കുന്നത്.
'എല്‍' ആകൃതിയിലുള്ള കെട്ടിടത്തിന്റെ വടക്കുഭാഗത്തെ, പാര്‍ക്കിംഗ് സ്ഥലത്തുള്ള തൂണുകളിലാണ് വിള്ളല്‍ രൂപപ്പെട്ടത്. നിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് വിള്ളലുകള്‍ വലുതാകുകയാണ്. കെട്ടിടം ഉറപ്പുള്ളതാണെന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നവീകരണം നടക്കുന്നത്. ലിഫ്റ്റുകള്‍ ഉള്‍പ്പടെ സ്ഥാപിക്കാനുള്ള ജോലികൾ പൂര്‍ത്തീകരിക്കാനുണ്ട്.
ഇതേസമയം തൂണുകളില്‍ വിള്ളല്‍ വീണത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. ഉടന്‍തന്നെ പരിശോധിക്കുമെന്ന് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് രാജന് പറഞ്ഞു.
പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നഗരസഭാ കാര്യാലയത്തിനോടു തൊട്ടുചേര്‍ന്ന് 1981 ല്‍ നിര്‍മാണം തുടങ്ങി 1992ല്‍ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഒട്ടേറെ സര്‍ക്കാര്‍ ഓഫീസുകളും ദേശസാല്‍കൃത ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമുള്‍പ്പെടെ പ്രവര്‍ത്തിച്ചുവന്നിരുന്ന കെട്ടിടം 2018ലാണ് പുതുക്കിപ്പണിയാന്‍ തുടങ്ങിയത്. കെട്ടിടം കാലഹരണപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്.
ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന വാദ്ഗാനവുമായി 3.96 കോടി രൂപയുടെ അടങ്കലില്‍ തുടങ്ങിയ നവീകരണജോലി ആറരവര്‍ഷത്തിനു ശേഷവും പൂര്‍ത്തീകരിക്കാനായിട്ടില്ല. മുഖ്യവരുമാന സ്രോതസുകളിലൊന്നായ ഈ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതുമൂലം ലക്ഷക്കണക്കിന് രൂപയാണ് നഗരസഭയ്ക്ക് നഷ്ടപ്പെടുന്നത്.