രാജ്യറാണിയിൽ 18 കോച്ചാക്കണം: റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
1494132
Friday, January 10, 2025 6:27 AM IST
കൊല്ലം: കൊച്ചുവേളിയിൽ നിന്ന് ഷൊർണൂർ ജംഗ്ഷൻ വഴി നിലമ്പൂർ വരെ പോകുന്ന രാജ്യറാണി എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം14 ൽ നിന്നും 18 ആക്കി വർധിപ്പിക്കണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവ് പരിശവിള ആവശ്യപ്പെട്ടു.
സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.14 കോച്ചുകൾ മാത്രമുള്ള രാജ്യറാണിയുടെ രണ്ട് സ്ലീപ്പർ കുറയ്ക്കുകയും, പകരംരണ്ട് ജനറൽ കോച്ചുകൾ കൂട്ടുകയും ചെയ്തു.നിലവിൽ തിക്കിത്തിരക്കി യാത്രക്കാർ ജനറൽ കോച്ചുകളിൽ പോകുന്ന പശ്ചാത്തലത്തിൽ രണ്ട് ജനറൽ കോച്ചുകൾ വർധിപ്പിച്ചത് സ്വാഗതാർഹമാണ്.
അതേസമയം തെക്കൻ ജില്ലകളിൽ നിന്ന് മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലേക്കും, പാലക്കാട്ടേക്കും ജോലിയ്ക്കു പോകുന്ന അധ്യാപകർ, സർക്കാർ ജീവനക്കാർ എന്നിവർക്കും തിരുവനന്തപുരം ആർസിസി , മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയ്ക്കു പോകുന്ന മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്കും രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ചത് യാത്രാദുരിതം വർധിപ്പിക്കുന്നു.
രണ്ട് സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുക വഴി 150 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാവുന്നത്. ശരാശരി18 കോച്ചുകളാണ് മറ്റു പല എക്സ്പ്രസ് ട്രയിനുകളിലുമുള്ളത്. രാജ്യറാണി കടന്നുപോകുന്ന ഷൊർണൂരിനും നിലമ്പൂരിനും ഇടയ്ക്ക് 18 കോച്ചുകൾ വരെയുള്ള ട്രെയിൻ സർവീസ് നടത്താനുള്ള സൗകര്യം സ്റ്റേഷനുകളിലുണ്ട്. ജെ.ഷൈൻകുമാർ അധ്യക്ഷനായിരുന്നു. കണ്ണനല്ലൂർ നിസാം, പ്രജീഷ് രാമകൃഷ്ണൻ, സജുആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.