അരിപ്പയില്‍ മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്യണം: രമേശ് ചെന്നിത്തല
1494125
Friday, January 10, 2025 6:27 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയ്ക്കു സമീപം അരിപ്പയില്‍ കഴിഞ്ഞ 13 വര്‍ഷമായി നടക്കുന്ന ആദിവാസി ഭൂമസരം ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അരിപ്പയിലെ അംബേദ്കര്‍ നഗറില്‍ നടന്ന സമരസന്ദേശ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
13 വര്‍ഷമായി അരിപ്പയിൽ സമരം ചെയ്യുന്നു. സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. സമരക്കാര്‍ പാവപ്പെട്ടവരും പിന്നാക്കക്കാരുമായതു കൊണ്ടാണോ തിരിഞ്ഞു നോക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് അഞ്ചരലക്ഷം ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞത് ഹാരിസണ്‍സ് മലയാളം അടക്കമുള്ള വന്‍കിടകമ്പനികളുടെ പക്കലുണ്ട്. ഇത് പിടിച്ചെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ വക്കീലന്മാര് ഹാരിസണ്‍സിനെതിരെയുള്ള കേസുകള്‍ തോറ്റു കൊടുക്കുകയാണ്. വന്‍കിടക്കാര്‍ക്ക് പാട്ടകാലാവധി കഴിഞ്ഞ ഭൂമി കൈവശം വയ്ക്കാം. പക്ഷേ ആദിവാസികളും ദളിതരും ഭൂമിയില്‍ കയറി താമസിച്ചാല്‍ കേസെടുക്കുകയാണ്.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിച്ചിരുന്നു. രാജമാണിക്കത്തെ ഇതിനായി നിയോഗിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതോടെ വന്‍കിടക്കാരുടെ കൈയിൽനിന്നു ഭൂമി തിരിച്ചു പിടിക്കല്‍ നടക്കാതായി.
അരിപ്പയിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്ന 1700 ഓളം കുടുംബങ്ങളെ മനുഷ്യരായി പോലും ഈ സര്‍ക്കാര്‍ കാണുന്നില്ല. പോലീസ് വിലക്കിയിട്ടും ധര്മസമരത്തില് പങ്കു ചേരുകയായിരുന്നു. ചെങ്ങറ ഭൂമസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമിയാണ് സര്‍ക്കാര്‍ കാസര്‍ഗോഡ് നല്‍കിയത്.
ആദിവാസികള്‍ക്കും ദളിതര്‍ക്കും ആരുമില്ലെന്നും അവരോട് എന്തുമാകാമെന്നും അധികാരികള്‍ കരുതുന്ന് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം റവന്യൂ മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.