കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവത്തിന് തുടക്കം
1494119
Friday, January 10, 2025 6:17 AM IST
കൊല്ലം: സര്‍ഗവസന്തം പെയ്തിറങ്ങിയ ദിനത്തില്‍ കുടുംബശ്രീ ആറാമത് സംസ്ഥാന ബഡ്സ് കലോത്സവം 'തില്ലാന 2025'ന് തിരിതെളിഞ്ഞു. കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ കലോത്സവങ്ങളുടെ പ്രാധാന്യത്തിലേക്ക് ബഡ്സ് കലോത്സവം മാറുകയാണ്.
ഭിന്നശേഷി കുട്ടികള്‍ പലവിധ കഴിവുകളുള്ളവരാണ്. പല കാര്യങ്ങളിലും മറ്റുള്ളവരേക്കാള്‍ മുന്നിലാണ്. പരിമിതികള്‍ അതിജീവിച്ച് മുന്നോട്ടുപോകാന്‍ ഊര്‍ജം പകരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. കലോത്സവ സപ്ലിമെന്റ് മന്ത്രി ബാലഗോപാലിന് നല്കി എം. നൗഷാദ് എംഎല്‍എ പ്രകാശനം ചെയ്തു. എം. മുകേഷ് എംഎല്‍എ സ്വാഗതം പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, കോര്പ്പറേഷന് സ്ഥിരസമിതി അധ്യക്ഷരായ ഗീതാ കുമാരി, എസ്. ജയന്, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സുജാത രതികുമാര്‍, സിന്ധു വിജയന്, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഉജ്വല ബാല്യം പുരസ്കാരം നേടിയ വി.ജെ. അജു, ശ്രുതി സാന്ദ്ര എന്നിവര്‍ക്ക് ഉപഹാരം നല്കി.സമാപന സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് എന്നിവര്‍ മുഖ്യാതിഥികളാകും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബഡ്സ് സ്കൂളിലെയും ബഡ്സ് പുനരധിവാസ കേന്ദ്രത്തിലെയും കുട്ടികളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ജില്ലാതല മത്സരങ്ങളില്‍ വിജയികളായ 450ലേറെ മത്സരാര്‍ഥികളാണ് 22 ഇനങ്ങളിലായി മാറ്റുരക്കുന്നത്.