കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ
1494133
Friday, January 10, 2025 6:27 AM IST
അഞ്ചല്‍: അമ്പതിലേറെ കവർച്ചാ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയിൽ. ചണ്ണപേട്ടയിൽ നിന്നാണ് ഏരൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഏരൂർ, കുളത്തൂപ്പുഴ മേഖലകളില്‍ നിരവധി കാണിക്കവഞ്ചികള്‍ തകര്‍ത്തും വീടുകളിലും മോഷണം നടന്നിരുന്നു.
പരിശോധനയിൽ വെള്ളംകുടി ബാബുവാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് രാത്രിയിൽ ഇയാൾ ഒളിച്ചു പാർത്തിരുന്ന ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയും തെളിവെടുപ്പുകൾക്കും ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ വെള്ളംകുടി ബാബുവിനെതിരെ കിഴക്കൻ മേഖലയിലെ പോലീസ് സ്റ്റേഷനുകളിൽ എല്ലാം ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടയിലാണ് ഇയാൾ പിടിയിലായത്. ജാമ്യത്തിൽ ഇറങ്ങിയാൽ ഉടൻ അടുത്ത മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
മലയോര മേഖലയിൽ ഇയാൾക്ക് സഹായികൾ ഉള്ളതായി പോലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഏരൂർ സർക്കിൾ ഇൻസ്പെക്ടർ എൻ. ഗിരീഷ് അറിയിച്ചു. കവര്‍ച്ച നടന്ന ഇടങ്ങളില്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ധർ അടക്കം എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.