മടത്തറ മലയോര ഹൈവേയിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
1494131
Friday, January 10, 2025 6:27 AM IST
മടത്തറ: മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ ഇരുവശങ്ങളിലും മാലിന്യം കുന്നുകൂടുന്നു. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടാതെ ഇറച്ചി മാലിന്യം, മുടി, കെട്ടിട നിര്‍മാണ മാലിന്യങ്ങള്‍, കുട്ടികളുടെ വിസര്‍ജ്യ വസ്തുക്കള്‍ തുടങ്ങിയവ വന്‍ തോതില്‍ പാതയോരത്ത് തള്ളുകയാണ്.
ആളൊഴിഞ്ഞ മേഖലയായ അരിപ്പ അമ്മ അമ്പലം വളവ്, കുളത്തൂപ്പുഴ മുപ്പത്തടി പാലം എന്നിവിടങ്ങളിലാണ് കൂടുതലയി മാലിന്യ നിക്ഷേപം നടക്കുന്നത്. വാഹനങ്ങളില്‍ എത്തി രാത്രികാലങ്ങളില്‍ വീടുകളുടെ മുന്‍വശങ്ങളില്‍ പോലും സാമൂഹ്യ വിരുദ്ധര്‍ മാലിന്യം വലിച്ചെറിയുന്നു.
മാലിന്യം കുന്നുകൂടിയതോടെ രാത്രിയും പകലും കാട്ടുപന്നികളും തെരുവ് നായകളും പ്രദേശങ്ങളില്‍ വിഹരിക്കുകയാണ്. ഇത് വാഹനാപകടത്തിനും കാല്‍നട യാത്രക്കാരുടെ യാത്രയ്ക്കും തടസമുണ്ടാക്കുകയാണ്. അടുത്തിടെ റോഡിനു കുറുകേ പന്നി ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളിൽ രണ്ടു ജീവനുകള്‍ നഷ്ടമായിരുന്നു.
പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരാതിയും പ്രതിഷേധവും ഉയരുമ്പോള്‍ അധികാരികള്‍ എത്തുകയും ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്യുകയാണ് പതിവ്. മാലിന്യം പരിശോധിക്കുകയോ മാലന്യം നിക്ഷേപിക്കുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.
മാലിന്യം കൂടുതല്‍ തള്ളുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകള്‍ കൈകോര്‍ത്ത് സിസിടിവി കാമറകര് സ്ഥാപിക്കണമെന്ന ആവശ്യത്തിന് നേരെയും അധികൃതര്‍ കണ്ണടയ്ക്കുകയാണ്. കാമറകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്താല്‍ ഒരുപരിധിവരെ മാലിന്യ നിക്ഷേപം തടയാനും കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.