യുവാവ് കാറിൽ കത്തിയ നിലയിൽ : അന്വേഷണം ഊർജിതമാക്കി പോലീസ്
1492174
Friday, January 3, 2025 6:02 AM IST
അഞ്ചല്‍: സിനിമയ്ക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞിറങ്ങിയ ലെനീഷ് റോബിൻസ് എന്ന യുവാവിനെ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
രാത്രിയില്‍ ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നതായും പിന്നീട് വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. രാവിലെയും കാണാതായതോടെ ഭാര്യ അഞ്ചല്‍ പോലീസില്‍ പരാതി നൽകി.
ഇതിനിടയിൽ ഒഴുകുപാറയ്ക്കല്‍ പഴയ ബിവറേജസ് മദ്യ വില്പന ശാലയ്ക്ക് സമീപം നൂറടിയോളം താഴ്ചയില്‍ കത്തിയനിലയില്‍ കാറും പൊള്ളലേറ്റ് മരിച്ച നിലയില്‍ ലെനീഷ് റോബിൻസിനെയും കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് രാത്രി 10.22 ന് ലെനീഷ് റോബിൻസ് കാറില്‍ കടന്നുപോകുന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആ പ്രദേശത്തു നിന്ന് കുറച്ചു മാറി സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വലിയ താഴ്ചയിലാണ് കാര്‍ കണ്ടെത്തിയത്.
കാറും മൃതദേഹവും കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലെനീഷ് റോബിൻസിന്റെ വീട്ടിലേക്ക് അധികദൂരമില്ല. കാര്‍ കണ്ടെത്തിയതിനടുത്ത് നിന്ന് പ്ലാസ്റ്റിക് കുപ്പിയും ദ്രാവകാംശവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പെട്രോളോ ഡീസലോ ആണോ എന്ന കാര്യത്തില്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
കുടുംബത്തിൽ കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമുള്ളതായി അറിവില്ല. അതിനാൽ മരണത്തിൽ വ്യക്തത വരുത്തേണ്ടതും ആവശ്യമാണ്. ആത്മഹത്യയാണോ അപകട മരണമാണോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
എല്ലാം വശവും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. എറണാകുളത്തെ ജോലി സ്ഥലത്തു നിന്ന് ക്രിസ്മസ് അവധിക്കായി എത്തിയതായിരുന്നു ലെനീഷ് റോബിൻസും കുടുംബവും. ഇന്ന് മടങ്ങിപ്പോകാനും തീരുമാനിച്ചിരുന്നു. നാന്‍സിയാണ് ഭാര്യ. ജിയോന മകളാണ്.