ഒന്നാം ക്ലാസിൽ ഒരാൾ മാത്രം ചേർന്ന സ്കൂളിൽ രണ്ടിലും ഒരാൾ മാത്രം
1430475
Thursday, June 20, 2024 10:56 PM IST
കൊട്ടാരക്കര: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ മാത്രം ചേർന്ന സ്കൂളിൽ രണ്ടാം ക്ലാസിലും ഒരാൾ മാത്രം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കിഴക്കേ മാറനാട് ഗവ.വെൽഫെയർ എൽപി സ്കൂളിനാണ് ഈ ദുർഗതി. ആറര പതിറ്റാണ്ട് പിന്നിട്ട പ്രവർത്തന പാരമ്പര്യമുള്ള സർക്കാർ വിദ്യാലയത്തിന്റെ ഈ ദയനീയാവസ്ഥ അധികൃതരും ജനപ്രതിനിധികളും ഗൗരവത്തിലെടുക്കുന്നില്ല. ഈ നില തുടർന്നാൽ നാടിന്റെ അക്ഷരവെളിച്ചം കെട്ടുപോകാൻ അധികനാൾ വേണ്ടിവരില്ല എന്നത് ആശങ്കയുളവാക്കുന്നു.
പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കിഴക്കേ മാറനാട് ആറാം വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 1958ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിന് അന്ന് നിർമിച്ച ഓടിട്ട കെട്ടിടം മാത്രമാണ് ഇന്നുമുള്ളത്.
പകുതിപ്പാറ, നെല്ലിയാംമുകൾ, ഇലഞ്ഞിക്കോട്, പമ്പ് ഹൗസ്, പനയം കോളനികളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മികച്ച പ്രൈമറി വിദ്യാഭ്യാസം ലഭിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു സ്കൂൾ തുടങ്ങിയതിന് പിന്നിൽ.
കോളനിയിലെ താമസക്കാർ മാത്രമല്ല, നാട്ടിലെ ഒട്ടുമിക്ക കുട്ടികളും ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ പഠിച്ചത് ഇവിടെയാണ്.
ക്ലാസ് മുറികളിൽ ഉൾക്കൊള്ളാൻ കഴിയാത്ത കുട്ടികളുണ്ടായിരുന്നു ഒരു കാലത്ത്. എന്നാൽ ഘട്ടം ഘട്ടമായി കൊഴിഞ്ഞുപോക്ക് തുടങ്ങി.
ചുറ്റുവട്ടങ്ങളിൽ സ്വകാര്യ സ്കൂളുകൾ മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി, സ്കൂൾ ബസ് അടക്കമുള്ള സംവിധാനങ്ങളൊരുക്കി കുട്ടികളെ ആകർഷിച്ചു.
പരിമിതികളോട് പടവെട്ടുന്ന സർക്കാർ വെൽഫെയർ സ്കൂൾ വികസനങ്ങൾക്ക് നേരെ കണ്ണടച്ചു. ക്രമേണ കുട്ടികൾ തീരെയില്ലാത്ത അവസ്ഥയിലേക്കെത്തി. പ്രീ പ്രൈമറി വിഭാഗം തുടങ്ങാൻ അധികൃതർ അനുമതി നൽകാത്തതും വിനയായി.
പതിനഞ്ച് സെന്റിലാണ് സ്കൂളിന്റെ പ്രവർത്തനം. പതിനെട്ടര സെന്റ് ഭൂമി ഉണ്ടായിരുന്നതായി പറയുന്നു.
പഴയ ഓടിട്ട കെട്ടിടമാണുള്ളത്. മഴ പെയ്താൽ ഇതിന്റെ പല കോണുകളിലും ചോർച്ചയുണ്ട്. കൊച്ചുകുട്ടികളാണ് പഠിക്കുന്നത്. അവർക്ക് ഓടിക്കളിക്കാൻ മുറ്റമില്ല.
ചെറിയ വരാന്തയിലാണ് അസംബ്ളി നടത്തുന്നത്. പഴയ കെട്ടിടത്തിലെ ഒരു മുറി കോവൂർ കുഞ്ഞുമോൻ എംഎൽഎ അനുവദിച്ച് 78,452 രൂപ ഉപയോഗിച്ച് സ്മാർട്ട് ക്ളാസ് മുറിയാക്കിയതാണ് ആകെയുള്ള മെച്ചം. നാല് ക്ലാസുകളിലായി ആകെ പത്ത് കുട്ടികളുണ്ട്.
പ്രഥമാധ്യാപിക ഉൾപ്പടെ നാല് ജീവനക്കാരാണുള്ളത്. ഇതിൽ പ്രഥമാധ്യാപിക നീണ്ട അവധിയെടുത്തിരിക്കയാണ്.