മഞ്ഞപ്പിത്ത വ്യാപനം ഗൗരവതരം; കർമപദ്ധതി നടപ്പിലാക്കും-ഡിഎംഒ
1465689
Friday, November 1, 2024 7:22 AM IST
തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ്-എ) മൂലം സഹോദരങ്ങൾ മരണപ്പെടാനിടയുണ്ടായ സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡിഎംഒ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാട് അറിയിച്ചു.
മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും.
മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യ വകുപ്പ് തെളിച്ചം (ദി എഡ്യുക്കേഷൻ ആൻഡ് ലൈഫ് സ്റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്മെന്റ്) പദ്ധതി നടപ്പിലാക്കും.
ഈവർഷം മേയ് മാസത്തിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു.
തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്. ഇതുവരെ 340 മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 50 ഓളം പേരെ കിടത്തി ചികിത്സിച്ചു. ആകെ രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്.