ഇരിട്ടിയിലെ പള്ളിയിൽ കവർച്ച
1465678
Friday, November 1, 2024 7:22 AM IST
ഇരിട്ടി: ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ കവർച്ച. നേർച്ചപെട്ടി കുത്തിത്തുറന്ന് പണം കവർന്നു. നിത്യാരാധന ചാപ്പലിന്റെ കതകുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് രണ്ട് നേർച്ചപ്പെട്ടിയും ഒരു കാരുണ്യനിധി ബോക്സും കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. ലോഹത്തിൽ തീർത്ത നേർച്ചപ്പെട്ടി പള്ളിക്കുള്ളിൽനിന്ന് പുറത്തെടുത്തു കൊണ്ടുവന്നു കുത്തിപ്പൊളിക്കുകയായിരുന്നു. ഏകദേശം 25,000 രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്.
സിസിടിവികളിൽ മുഖം തുണികൊണ്ട് മറച്ചിട്ടുള്ള മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. മോഷണം നടക്കുന്ന സമയത്ത് വികാരി ഫാ. ബിനു ക്ലീറ്റസ് മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഉറക്കത്തിലായതിനാൽ അദ്ദേഹം മോഷണ വിവരം അറിഞ്ഞില്ല.
മാസാവാസാനം മാത്രമാണ് നേർച്ചപ്പെട്ടികൾ തുറക്കുന്നത്. പള്ളിയുടെ വെളിയിൽനിന്ന് തുറക്കാവുന്ന വാതിലും നേർച്ചപ്പെട്ടികളുള്ള സ്ഥലവും കൃത്യമായി അറിയാവുന്നവരാകണം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വികാരി ഫാ. ബിനു ക്ലീറ്റസ് പറഞ്ഞു.
രാവിലെ കപ്യാർ പള്ളി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എഎസ്ഐ മാരായ സന്തോഷ്, പ്രകാശൻ , എസ് സിപിഒ മാരായ സുകേഷ് , റോയി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇരിട്ടിയിൽ മോഷണം പതിവായി
ഇരിട്ടി ടൗണിൽ മോഷണം പതിവാകുന്നത് വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുന്പ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ 25,0000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് സമീപത്തുതന്നെ വീണ്ടും മോഷണം. ഏതാനും മാസങ്ങൾക്ക് മുന്പ് മൊബൈൽ ഷോപ്പുകളിൽ മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം രണ്ട് ജ്വല്ലറികളിലും മോഷണം നടന്നിരുന്നു .