കാട്ടുപന്നിശല്യത്തിൽ വീർപ്പുമുട്ടി പുലിക്കാട്
1465682
Friday, November 1, 2024 7:22 AM IST
ഇരിട്ടി: പടിയൂർ പുലിക്കാട് പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. കാർഷിക വിളകളടക്കം കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കുത്തി നശിപ്പിക്കുകയാണ്. വാഴ, കപ്പ, ചേമ്പ്, ചേന, കൂവ കൂടാതെ രണ്ടും മൂന്നും വർഷമായ തെങ്ങിൻ തൈ, കമുകിൻ തൈ ഉൾപ്പെടെ പന്നിക്കൂട്ടം നശിപ്പിക്കുകയാണ്.
പന്നിയുടെ ശല്യം വ്യാപകമായതോടെ കർഷകരിൽ പലരും കൃഷിപ്പണി നിർത്തേണ്ട സാഹചര്യമാണ്. പുലിക്കാട് ടൗണിനു സമീപത്തെ പുതുശേരി സുജാത, പുതുശേരി ഗീത തുടങ്ങിയവരുടെ കാർഷിക വിളകൾ കഴിഞ്ഞദിവസം പന്നിക്കൂട്ടം നശിപ്പിച്ചിരുന്നു. കുലവന്ന വാഴകൾ കുത്തി മറിച്ചിട്ട് അതിന്റെ തണ്ടും, കാമ്പും അടക്കം ഭക്ഷിച്ചിട്ടാണ് പന്നികൾ സ്ഥലം വിടുന്നത്.
പന്നികളെ വെടിവച്ച് കൊല്ലാനായി മേഖലയിൽ തോക്ക് ലൈസൻസുള്ള നാലുപേരെ ചുമതലപ്പെടു ത്തിയതായി പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ധീൻ പറഞ്ഞു. പുലിക്കാട് മേഖലയിലും നിരീക്ഷണം ശക്തമാക്കി. ഇവിടെ എത്തുന്ന പന്നികളെയും വെടിവച്ചു കൊല്ലാൻ നിർദേശം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.