കൈവശരേഖ പരിശോധന ക്യാമ്പ് മൂന്നിന് പയ്യാവൂരിൽ
1465677
Friday, November 1, 2024 7:22 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന മുഴുവൻ ആളുകൾക്കും പട്ടയം ലഭ്യമാക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിൽ കൈവശരേഖ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് ഇതിനായുള്ള പ്രവർത്തനം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പരിധിയിലുള്ളവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. കുടിയേറ്റകാലത്ത് പാട്ടം, മറുപാട്ടം, കുഴിക്കാണം, കൈവശാവകാശം, ജന്മം എന്നീ രീതികളിലാണ് കർഷകർക്ക് സ്ഥലം ലഭ്യമായിരുന്നത്.
1969ൽ ഭൂപരിഷ്കരണ നിയമം നിലവിൽ വന്നശേഷം 1971 മുതൽ ലാൻഡ് ട്രൈബ്യൂണലുകൾ മുഖേന സർക്കാർ പട്ടയ വിതരണം ചെയ്തു വരുന്നുണ്ട്. എന്നാൽ, ജന്മാധാരമായി സ്ഥലം ലഭിച്ചവരും, പട്ടയം ലഭിച്ച ആളുകളും ഒഴികെയുള്ളവർ തങ്ങളുടെ കൈവശമുള്ള രേഖ നിയമ സാധുതയുള്ളതാണെന്ന് ഇപ്പോഴും വിശ്വസിച്ചു വരികയാണ്. ഇത്തരത്തിൽപ്പെട്ടവർക്ക് സൗജന്യമായി നടത്തുന്ന കൈവശ രേഖ പരിശോധന ക്യാമ്പ് ഉപകരിക്കും.
രണ്ടാംഘട്ടത്തിൽ പട്ടയത്തിന് നാളിതുവരെ അപേക്ഷ സമർപ്പിക്കാത്തവരുടെ യോഗം പഞ്ചായത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ചേർന്ന് ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകും. മൂന്നാമത്തെ ഘട്ടത്തിൽ വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക ഹെൽപ്പ് ഡെസ്ക് തുറക്കും. ഇതിനായി സേവന തത്പരരായ റിട്ട. ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
ആദിവാസി നഗറുകളിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്തും. ലക്ഷംവീട് കോളനികളിൽ സ്ഥിര താമസമുള്ള ആളുകൾക്ക് പട്ടയം ലഭ്യമാക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ പരിപൂർണ പിന്തുണയുമുണ്ട്. നവംബർ മൂന്നിന് പയ്യാവൂർ ഗവ. യുപി സ്കൂളിൽ അഞ്ചിൽ കുറയാത്ത ഹെൽപ്പ് ഡെസ്കുകളാണ് സജ്ജമാക്കുന്നത്. ഈ അവസരം മുഴുവനാളുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അറിയിച്ചു.