ചരിത്രമായി സ്ഥാനാരോഹണം
1465680
Friday, November 1, 2024 7:22 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായി ചുമതലയേറ്റ മാര്‍ തോമസ് തറയിലിനെ അനുമോദിക്കാനും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നന്ദി പ്രകാശിപ്പിക്കാനും നടന്ന സമ്മേളനം പൊതുസമൂഹത്തിലെ സമുന്നതരുടെ സാന്നിധ്യത്തില്‍ ധന്യമായി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ ചൈതന്യമാണ് ചങ്ങനാശേരി അതിരൂപതയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്നത്തെ കാലഘട്ടം പ്രതിസന്ധികളും പരിമിതികളും നിറഞ്ഞതാണ്. നിര്‍മിതിബുദ്ധി പോലെയുള്ള ശാസ്ത്രസാങ്കേതിക സാഹചര്യങ്ങള്‍ ഉയര്‍ത്താവുന്ന പരിമിതികള്‍ ആത്മീയ പിതാക്കന്മാര്ക്കും വെല്ലുവിളിയാകാം. ചങ്ങനാശേരി അതിരൂപതയുടെ ഭാഗമായ പാലാ രൂപതാംഗമായതിലുള്ള സന്തോഷവും സീറോ മലബാര്‍ സഭാംഗമാണെന്നതില് അഭിമാനവും ജോര്‍ജ് കുര്യന് പങ്കുവച്ചു.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സഭയെ സുരക്ഷിതമായി നയിക്കുന്നതിനു നേതൃത്വം നല്കിയവരാണ് ചങ്ങനാശേരിയിലെ പിതാക്കന്മാര്. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സഭാ പൈതൃകം അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. മാര്‍ തോമസ് തറയിലിനെ ഭാരതസഭ പ്രതീക്ഷയോടെയാണ് ശ്രവിക്കുന്നതും കാണുന്നതുമെന്ന് മാര്‍ താഴത്ത് പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. അനുഗൃഹീതരായ പിതാക്കന്മാരുടെ വലിയ പാരമ്പര്യം ചങ്ങനാശേരിയുടെ ഭാഗ്യമാണ്. അതിരൂപതയുടെ പൂജ്യമായ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരാണ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ തോമസ് തറയിലും. പ്രതികരിക്കേണ്ട സമയത്ത് കൃത്യതയോടെ പ്രതികരിക്കാനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ താമസംകൂടാതെ എത്തിക്കാനും പിതാക്കന്മാര്ക്കു കഴിയണമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
സഹോദരസഭകളെ ചേര്‍ത്തുപിടിക്കാനും എക്യുമെനിസം ശക്തിപ്പെടുത്താനും ചങ്ങനാശേരി അതിരൂപത എക്കാലത്തും മുന്നിലുണ്ടെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത പറഞ്ഞു.സാര്‍വത്രികസഭയുടെ പ്രേക്ഷിതരംഗത്ത് ചങ്ങനാശേരി അതിരൂപതയുടെ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് ബാംബാര്ഗ് ആര്‍ച്ച്ബിഷപ് ഡോ.ഹെര്‍വിഗ് ഗൊസല് പറഞ്ഞു.
കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതവും ദുഃഖവുമകറ്റാന്‍ ക്രിസ്തുമാര്‍ഗം അന്വേഷണം നടത്തുകയും അവര്‍ക്കുവേണ്ടി ധീരമായ നിലപാടെടുക്കുകയും ചെയ്ത വ്യക്തിയാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിപ്രായപ്പെട്ടു.
ജീവകാരുണ്യം, ആതുരശുശ്രൂഷ, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ ചങ്ങനാശേരി അതിരൂപതയുടെ പ്രവര്‍ത്തനം വലുതാണ്. മഹാപ്രളയത്തില്‍ കുട്ടനാടന്‍ ജനതയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി അവരെ പരിപാലിക്കാന്‍ നേതൃത്വം നല്കാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനും അതിരൂപതയ്ക്കും കഴിഞ്ഞെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍ സ്വാഗതവും മോണ്‍. ജെയിംസ് പാലയ്ക്കല്‍ കൃതജ്ഞതയും പറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ വേദിയിലെത്തി ആശംസകള്‍ നേര്‍ന്നു. ഫാ. തോമസ് തൈക്കാട്ടുശേരി ആന്‍ഡ് ടീമിന്റെ ആശംസാഗാനത്തോടെ ആരംഭിച്ച സമ്മേളനം സ്നേഹവിരുന്നോടെ സമാപിച്ചു.
കൃതജ്ഞതയോടെ മറിയാമ്മയെത്തി; സായുജ്യമടഞ്ഞ് മടങ്ങി
ചങ്ങനാശേരി: ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ദൈവാനുഗ്രഹത്തിനു നന്ദി പറയാനും തിരുക്കര്മങ്ങളളിൽ പങ്കെടുക്കാനും തറയില്‍ മറിയാമ്മയും കുടുംബാഗങ്ങളും എത്തി.
മകന് മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റശേഷം അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ മകനില്‍നിന്നു തിരുവോസ്തി സ്വീകരിക്കാനും മറിയാമ്മയ്ക്കു ഭാഗ്യം ലഭിച്ചു. മകനെ സെമിനാരിയിലേക്ക് അയച്ചപ്പോഴും വൈദികപട്ടം ലഭിച്ചപ്പോഴും സഹായമെത്രാനായപ്പോഴും ഇന്നലെ അതിരൂപതാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടപ്പോഴും എല്ലാത്തിനും സാക്ഷിയാകാന്‍ മറിയാമ്മ ഉണ്ടായിരുന്നു. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് മറിയാമ്മ ഇന്നലെ മുന്‍നിരയില്‍ മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തത്.