സാമൂഹിക പ്രതിബദ്ധതയാണ് ക്രിസ്തുമതത്തിന്റെ മുഖമുദ്ര: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
1444963
Thursday, August 15, 2024 1:48 AM IST
ചെമ്പേരി: ക്രിസ്തുമതത്തിന്റെ മുഖമുദ്ര സാമൂഹിക പ്രതിബദ്ധതയാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ചെമ്പേരി ഫൊറോന പള്ളിയിൽ ബസിലിക്ക പ്രഖ്യാപനത്തിനും സമർപ്പണത്തിനും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ലഭ്യമായ ബസിലിക്ക പദവിയുടെ മഹത്വം പൂർണമാക്കാനും ഈ അനുഗ്രഹത്തിന്റെ ഓർമ എന്നെന്നും നിലനിർത്താനും നാം പാവപ്പെട്ടവർക്കായി എന്തെങ്കിലും സഹായം നൽകണമെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ബസിലിക്കയായി ഉയർത്തപ്പെട്ട പള്ളിയുടെ നവീകരണത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാവർക്കും അനുമോദനവും നന്ദിയും അറിയിക്കുന്നതായി അധ്യക്ഷ പ്രസംഗം നടത്തിയ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
മലബാർ കുടിയേറ്റത്തിന്റെ ഭാഗമായി ചെമ്പേരിയിലെത്തിയ ക്രൈസ്തവവിശ്വാസികൾക്ക് ആദ്യകാലത്ത് ആശ്രയമായിരുന്ന കോഴിക്കോട് രൂപതയെ ഈയവസരത്തിൽ പ്രതിപാദിച്ചു കാണുന്നതിൽ ഏറെ അഭിമാനിക്കുന്നതായി കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു.
മനുഷ്യ മനസിനെ തൊട്ടറിയുന്നതാണ് യഥാർഥ മതമെന്നും അത്തരമൊരു മഹനീയത ക്രിസ്തുമതത്തിനുണ്ടെന്നും കെ.സുധാകരൻ എംപി പറഞ്ഞു. സാമൂഹിക ജീവിതത്തിലും വിദ്യാഭ്യാസ മേഖലയിലും കർഷകർക്ക് വേണ്ടിയും കത്തോലിക്ക സഭ നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ വെബ്സൈറ്റ് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു.
ബസിലിക്കയുടെ ലോഗോ ഇടവക കോ ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിന് കൈമാറി ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം പ്രകാശനം ചെയ്തു. ചെമ്പേരിയിലെ തന്റെ തറവാട് ഇടവക ബസിലിക്കയായതിൽ ഏറെ അഭിമാനിക്കുന്നതായി ബെൽത്തങ്ങാടി രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി പറഞ്ഞു.
ബസിലിക്കയുടെ പ്രഥമ റെക്ടറായി ചുമതലയേറ്റ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ടിനെ ബിഷപ്പ് ഷാളണിയിച്ചും മാല ചാർത്തിയും ആദരിച്ചു. മാണ്ഡ്യ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, കണ്ണൂർ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, എംഎൽഎമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി എന്നിവർ പ്രസംഗിച്ചു.
ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് സ്വാഗതവും ഇടവക കോ-ഓർഡിനേറ്റർ സുനിൽ നായിപ്പുരയിടത്തിൽ നന്ദിയും പറഞ്ഞു.
കൃതജ്ഞതാബലി ഇന്ന്
ചെന്പേരി: ഇന്നു രാവിലെ 9.30 ന് നടക്കുന്ന കൃതജ്ഞതാബലിക്ക് ബൽത്തങ്ങാടി ബിഷപ് മാർ ലോറൻസ് മുക്കുഴി മുഖ്യകാർമികത്വം വഹിക്കും. ഇന്നലെ നടന്ന ബസിലിക്ക പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കാൻ തലശേരി അതിരൂപതയിലെ എല്ലാം ഇടവകകളിൽനിന്നും ഫൊറോനകളിൽ നിന്നും വൈദികരും സിസ്റ്റേഴ്സും വിവിധ അല്മായ സംഘടനകളുടെ പ്രതിനിധികളുംത്തിയിരുന്നു. ഉച്ചയോടെ ചെന്പേരിക്ക് പുറമെ പൈസക്കരി, ചെന്പന്തൊട്ടി, ആലക്കോട്, വായാട്ടുപറന്പ് എന്നീ ഫൊറോനകളിൽനിന്നും ചടങ്ങിൽ പങ്കെടുക്കാൻ വിശ്വാസികൾ എത്തി. ദേവാലയത്തിന് പുറത്ത് ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് പ്രത്യേക പന്തൽ തയാറാക്കിയിരുന്നു.