ഉദ്യോഗാർഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ. കേളു
1494654
Sunday, January 12, 2025 7:51 AM IST
മാനന്തവാടി: സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകൾ ഉദ്യോഗാർഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂമാൻസ് കോളജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാർഥികളുടെ യോഗ്യതയ്ക്ക് അനുയോജ്യമായി സ്വകാര്യ സ്ഥാപനങ്ങൾ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ടി. ജയപ്രകാശ്, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസർ ഇ. മനോജ് എന്നിവർ പ്രസംഗിച്ചു. 21 തൊഴിൽദായകകർ പങ്കെടുത്ത മേളയിലൂടെ 103 പേർക്ക് നിയമനം ലഭിച്ചു. 293 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.