ദുരന്ത നിവാരണ പ്രവർത്തനം; വി.പി. തേജയ്ക്ക് രക്ഷാമന്ത്രി പതക്
1494388
Saturday, January 11, 2025 5:53 AM IST
കൽപ്പറ്റ: എൻഎംഎസ്എം ഗവ.കോളജിലെ എൻസിസി അണ്ടർ ഓഫീസറും ബിഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ കേഡറ്റ് വി.പി. തേജ ക്ക് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക്ദിന വിരുന്നിലേക്ക് പ്രത്യേക ക്ഷണവും കേന്ദ്ര പ്രതിരോധ മന്ത്രിയുടെ രക്ഷ മന്ത്രി പതക് അവാർഡും ലഭിച്ചു.
എൻസിസിയിലെ മികച്ച പ്രകടനങ്ങൾക്കും ചൂരൽമല, മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാന്പുകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് തേജ ഈ ഉന്നത പുരസ്കാരത്തിന് അർഹയായത്. ഫൈവ് കേരള ബറ്റാലിയന് കീഴിലെ മുഴുവൻ കേഡറ്റുകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നയിച്ചത് തേജ ആയിരുന്നു.
കാഷ്മീരിൽ നടന്ന എസ്എൻഇസി. ക്യാന്പ് ഉൾപ്പെടെ അനേകം നാഷണൽ ക്യാന്പുകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. 15നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആണ് രക്ഷാമന്ത്രി പതക്ക് സമ്മാനിക്കുന്നത്.
ശേഷം, റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നും അസോസിയേറ്റ് എൻസിസി ഓഫീസർ കൂടിയായ ലഫ്റ്റനന്റ് ഡോ. ബഷീർ പൂളക്കൽ അറിയിച്ചു.
കോളജിൽ ചേർന്ന യോഗത്തിൽ പിടിഎയും സ്റ്റാഫും ചേർന്ന് തേജക്ക് യാത്രയയപ്പു നൽകി. കോളജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി. ജോസഫ് അധ്യക്ഷത വഹിച്ചു.
പിടിഎ വൈസ് പ്രസിഡന്റ് പ്രദീശൻ, അസോസിയേറ്റ് എൻസിസി ലെഫ്റ്റനന്റ് ഡോ. ബഷീർ പൂളക്കൽ, വർഗീസ് ആന്റണി, കെ.ബി. ബൈജു, സി. സിജു, എം.ആർ. രജിത് തുടങ്ങിയവർ പ്രസംഗിച്ചു.