കാട്ടിലകപ്പെട്ടാൽ എങ്ങിനെ സുരക്ഷിതരാകാം; വൈൽഡർനെസ് മെഡിസിൻ പറയും
1494114
Friday, January 10, 2025 5:47 AM IST
കൽപ്പറ്റ: കാട്ടിൽ അകപ്പെട്ടുപോയാൽ എങ്ങിനെ രക്ഷപ്പെടാം, അതുവരെ എങ്ങിനെ സുരക്ഷിതമായി നിലകൊള്ളാം, ചതവോ എല്ലു പൊട്ടുകയോ ചെയ്താൽ കയ്യിയുള്ള വസ്തുക്കൾ കൊണ്ട് എങ്ങിനെ ചികിത്സിക്കാം ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശി വൈൽഡർനെസ് മെഡിസിൻ വർക്ക് ഷോപ്പ്. വയനാട്ടിൽ നടക്കുന്ന ആസ്റ്റർ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോണ്‍ക്ലേവിന്റെ ഭാഗമായാണ് വർക് ഷോപ്പ് സംഘടിപ്പിച്ചത്.
അമേരിക്കയിലെ വൈൽഡർനെസ് മെഡിസിൻ വിദഗ്ധയും പീഡിയാട്രിക് അനസ്തറ്റിസ്റ്റുമായ ഡോ. കെറി ക്രിയഡൽ വർക് ഷോപ്പിന് നേതൃത്വം നൽകി. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ എമർജൻസി മെഡിസിൻ മേധാവി ഡോ. ജോണ്‍സനായിരുന്നു ഏകോപനം. മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിനു സമീപത്തെ കാട്ടരുവിയിലായിരുന്നു വർക് ഷോപ്പ് സംഘടിപ്പിക്കപ്പെട്ടത്.
കാട്ടിൽ അകപ്പെട്ടാൽ ഏതൊക്കെ പഴങ്ങളും ഇലകളും ഭക്ഷിച്ച് ജീവൻ നിലനിർത്താം, കാട്ടിലെ ജലം എങ്ങിനെ ശുദ്ധീകരിച്ച് കുടിക്കാം, ദിശാസൂചികനോക്കി പുറംലോകത്തേക്കുള്ളവഴി കണ്ടെത്താം എന്നീകാര്യങ്ങളും വർക്ഷോപ്പിൽ പഠിപ്പിച്ചു. പരിക്കേറ്റയാളെ കയ്യിലുള്ള വസ്ത്രങ്ങളും മരക്കന്പുകളും കൊണ്ട് സ്ട്രക്ചർ ഉണ്ടാക്കി അതിൽ കിടത്തി ജനവാസ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതും പഠന വിഷയമായിരുന്നു.
വൈൽഡർനെസ് മെഡിസിനിൽ സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.ഉരുൾപൊട്ടലിൽപെട്ടവരെ അപകട സ്ഥലത്തു നിന്ന് മാറ്റുന്ന മോക്ക് ഡ്രില്ലും ഇന്നലെ നടന്നു. കണ്ണൂർ ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം തലവൻ നേതൃത്വം നൽകി.