നിയമനകോഴ വിവാദമായി; ബാങ്കിന് ബന്ധമില്ലെന്ന് അർബൻ ബാങ്ക് ഭരണസമിതി
1494111
Friday, January 10, 2025 5:46 AM IST
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജന്റെയും മകന്റെയും മരണത്തെത്തുടർന്ന് ഏതാനും ദിവസങ്ങളിലായി മാധ്യമങ്ങളിൽ ബത്തേരി അർബൻ ബാങ്കിൽ നിയമനം വാഗ്ദാനം നൽകി കോഴ വാങ്ങിയതായി പറഞ്ഞുകൊണ്ട് നിരന്തരം വാർത്തകൾ വരുന്നുണ്ട്.
എന്നാൽ, ഈ കോഴ വിവാദത്തിൽ പറയുന്ന ആളുകൾ ബാങ്ക് ഭരണസംവിധാനവുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുകളാണ്. സഹകരണ ബാങ്കുകളിലേക്ക് നിയമനം നൽകാമെന്ന് വ്യാമോഹിപ്പിച്ച് ചിലർ പണം വാങ്ങിയതിന് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിൽ ബാങ്ക് ഭരണസമിതി യോഗം ആശങ്കയറിയിച്ചു.
എൻ.എം. വിജയൻ ബാങ്കിൽ നിന്നു വായ്പയെടുത്തിട്ടുണ്ടെന്നല്ലാതെ ബാങ്കുമായി യാതൊരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ്. ഇദ്ദേഹത്തിന്റെ മരണപ്പെട്ട മകൻ ഏതാനുംകാലം ഈ ബാങ്കിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നു എങ്കിലും ഈ ഭരണസമിതി നിലവിൽ വരുന്നതിനു മുന്പുതന്നെ ഡോ. സണ്ണി ജോർജിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി 2023 ഫെബ്രുവരി മാസം തന്നെ ഇദ്ദേഹത്തെ ജോലിയിൽ നിന്നു ഒഴിവാക്കിയിരുന്നു.
2023 സെപ്റ്റംബർ മാസം പുതിയ ഭരണ സമിതി ചുമതലയേറ്റശേഷം ബാങ്കിൽ യാതൊരു നിയമനവും നടത്തിയിട്ടില്ല. ബാങ്കിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി ആർക്കെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അതിന് ബാങ്കുമായി യാതൊരു ബന്ധവും ഇല്ലെന്നും പണം നൽകിയവർ പോലീസിൽ പരാതിപ്പെടേണ്ടതാണ്.
ബാങ്കുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ ജോലി വാഗ്ദാനം നൽകി പണം വാങ്ങിയതിന് ബാങ്കിന്റെ പേര് ദുർ വിനിയോഗം ചെയ്യുന്നത് മാധ്യമങ്ങൾ നിർത്തണമെന്നും ഇത്തരം വാർത്തകൾ വരുന്നതിൽ ബാങ്കിന്റെ ഇടപാടുകാരോ നിക്ഷേപകരോ യാതൊരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ അറിയിച്ചു.
യോഗത്തിൽ വൈസ് ചെയർമാൻ വി.ജെ. തോമസ്, ഡയറക്ടർമാരായ ബേബി വർഗീസ്, പി.എം. ഹൈറുദ്ദീൻ, സിറിൽ ജോസ്, ബിന്ദു സുധീർ ബാബു, കെ.കെ. നാരായണൻകുട്ടി, ടി.ജെ. ഏബ്രഹാം, സി. ബാലൻ, ജിനി തോമസ്, റീത്ത സ്റ്റാൻലി എന്നിവർ പങ്കെടുത്തു.