സംസ്ഥാന സ്കൂൾ കലോത്സവം: എച്ച്എസ് ജനറൽ വിഭാഗം കിരീടം മാനന്തവാടി എംജിഎമ്മിന്
1494110
Friday, January 10, 2025 5:46 AM IST
മാനന്തവാടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് ജനറൽ വിഭാഗം കിരീടം ആദ്യമായി വയനാട്ടിലേക്ക് ചുരം കയറിയെത്തുന്പോൾ മാനന്തവാടി എംജിഎം ഹയർസെക്കൻഡറി സ്കൂളും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 113 കുട്ടികളുമായി തിരുവന്തപുരത്തേക്ക് വണ്ടി കയറിയ സ്കൂൾ ടീം 91 പോയിന്റുമായാണ് എച്ച്എസ് ജനറൽ വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയത്.
എച്ച്എസ്, എച്ച്എസ്എസ് ജനറൽ, എച്ച്എസ് അറബി, എച്ച്എസ് സംസ്കൃതം വിഭാഗങ്ങളിൽ സംസ്ഥാനത്ത് മൂന്നാമതെത്താൻ സാധിച്ചു എന്നതും എംജിഎമ്മിന്റെ നേട്ടമാണ്.
ഹയർസെക്കൻഡറി വിഭാഗത്തിൽ തിരുവാതിര, കേരളനടനം, ഉപന്യാസം (മലയാളം) എന്നീ ഇനങ്ങൾക്കു മാത്രമാണ് വിദ്യാർഥികൾ മത്സരിച്ചത്. ഇതിൽ മൂന്നിനും എ ഗ്രേഡ് ലഭിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളിൽ മാറ്റുരച്ചപ്പോൾ 17 ഇനങ്ങളിലും എ ഗ്രേഡ് നേടാനായി. എച്ച്എസ് ജനറൽ വിഭാഗത്തിനു ലഭിച്ച പോയിന്റു നിലയാണ് ഒപ്പം മത്സരിച്ച മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കാൻ എംജിഎം സ്കൂളിനു സാധിച്ചത്. സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് സഹപാഠികൾ.