കടുവ ശല്യം: കർഷക പ്രതിഷേധം രൂക്ഷമായതോടെ വനം വകുപ്പ് വീണ്ടും കൂട് സ്ഥാപിച്ചു
1494106
Friday, January 10, 2025 5:46 AM IST
പുൽപ്പള്ളി: മൂന്ന് ദിവസമായി അമരക്കുനിയിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറാകാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനംവകുപ്പ് രണ്ടാമത്തെ കൂടും സ്ഥാപിച്ചു.
രണ്ട് ദിവസങ്ങളിലായി കടുവ വളർത്തു മൃഗങ്ങളെ പിടികൂടിയതോടെയാണ് ജനങ്ങൾക്ക് ഭീഷണിയായ കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെതിരേ കർഷക പ്രതിഷേധം ശക്തമായത്. ബുധനാഴ്ച രാത്രി വടക്കേക്കര രതികുമാറിന്റെ വീടിനോട് ചേർന്ന കൂട്ടിൽനിന്നും ആടിനെ പിടികൂടിയ കടുവയുടെ ചിത്രങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.
സ്ഥലത്തെത്തിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള വനപാലകരെ നാട്ടുകാർ തടഞ്ഞതോടെ കൂടുതൽ കൂടുകൾ സ്ഥാപിക്കാമെന്നും തെരച്ചിൽ ശക്തമാക്കാമെന്നും ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധത്തിൽനിന്നും പിൻമാറുകയായിരുന്നു.
ജനവാസ കേന്ദ്രത്തിൽ കടുവയുടെ സാന്നിധ്യമുള്ളതിനാൽ വീടിന് പുറത്തിറങ്ങാൻപോലും കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കടുവയെ കൂടുവച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീണ്ടും കടുവയിറങ്ങിയ വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥയുടലെടുത്തു. സംഘർഷസാധ്യതയെ തുടർന്ന് പുൽപ്പള്ളി സ്റ്റേഷന് പുറമേ സമീപ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കാമറയിൽ പതിഞ്ഞ കടുവയുടെ ചിത്രങ്ങൾ പ്രകാരം വനംവകുപ്പിന്റെ പട്ടികയിലുൾപ്പെട്ട കടുവയല്ലെന്ന് ചെതലത്ത് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ പറഞ്ഞു.
കർണാടക വനത്തിൽനിന്നെത്തിയ കടുവയാണിതെന്നാണ് സംശയിക്കുന്നത്. കടുവ അവശനാണെന്നും അതിനാലാണ് ആടുകളെ ഇരയാക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കന്നുകാലികളെ വളർത്തുന്നവർ രാത്രി തൊഴുത്തുകളിൽ ലൈറ്റുകൾ തെളിച്ചിടണമെന്നും രാത്രി വീടുകൾക്ക് പുറത്തിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.