കണിയാന്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം നാളെ
1494105
Friday, January 10, 2025 5:46 AM IST
കൽപ്പറ്റ: കണിയാന്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ. ഒരു വർഷം നീണ്ടു നിൽക്കുന്ന അന്പത് ഇന പരിപാടികളോടെയാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 11ന് വൈകുന്നേരം അഞ്ചിന് പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് ആദ്യ ബാച്ച് വിദ്യാർഥികൾ, സ്കൂൾ സ്ഥാപക കമ്മിറ്റി അംഗങ്ങൾ, ശാസ്ത്ര, കായിക, കലാ, അക്കാദമിക് പ്രതിഭകൾ എന്നിവരെ ആദരിക്കൽ ചടങ്ങും നടക്കും.
തുടർന്ന് കലാസന്ധ്യയും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ഇൻചാർജ് ഡോ.പി. ശിവപ്രസാദ്, പ്രധാനധ്യാപകൻ എം.പി. അബ്ദുൾ ഗഫൂർ, പിടിഎ പ്രസിഡന്റ് പി.വി. സജീവൻ, എസ്എംസി ചെയർമാൻ ടി.ടി. ജോസഫ്, ഷിബു കുറുന്പേമഠം, ബഷീർ പഞ്ചാര, ഫസീല നൗഷാദ് എന്നിവർ പങ്കെടുത്തു.