ഉരുൾപൊട്ടൽ മേഖലയിലെ അതിർത്തി നിർണയം പൂർത്തിയായി
1494104
Friday, January 10, 2025 5:46 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ പ്രദേശത്തെ ഗോ, നോ ഗോ സോണ്‍ മേഖലയിൽ രണ്ടു ദിവസങ്ങളിലായി നടന്ന അതിർത്തി നിർണയം പൂർത്തിയായി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി 123 സ്ഥലങ്ങളിലാണ് അടയാളപ്പെടുത്തലിന്റെ ഭാഗമായി സർവേ കല്ലിട്ടത്.
അടയാളപ്പെടുത്തലിന്റെ ഭാഗമായി സ്ഥാപിച്ച സർവേ കല്ല് പറിച്ചുമാറ്റിയാലും കണ്ടെത്താൻ കഴിയും വിധത്തിൽ ജിയോ കോഓർഡിനേറ്റ് ഉൾപ്പെടുത്തിയാണ് തത്സമയം കല്ലുകൾ സ്ഥാപിച്ചത്. ജനുവരി ഏഴിന് ആരംഭിച്ച അടയാളപ്പെടുത്തലിൽ വെള്ളരിമല വില്ലേജ് ഓഫീസിന് സമീപത്തു നിന്നും ഡാം സൈറ്റ് വരെയും തിരിച്ച് ചൂരൽമല ടൗണ്‍, ഹൈസ്കൂൾ റോഡ്, ഏലമല പുഴ വരെ 39 കല്ലുകളാണ് ആദ്യ ദിനത്തിൽ സ്ഥാപിച്ചത്.
രണ്ടാം ദിനത്തിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം വനം മേഖലയിൽനിന്നു രണ്ടു ടീമുകളായി തിരിഞ്ഞ് 81 സ്ഥലങ്ങളിലുമാണ് അതിർത്തി നിർണയം പൂർത്തിയാക്കിയത്.
ഉരുൾ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയ ഭാഗത്തുനിന്നും ശേഷിക്കുന്ന സ്ഥലങ്ങളിൽ വരുംകാലത്ത് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകുകയാണെങ്കിൽ അതിന്റെ ആഘാതം എത്രത്തോളമെത്തും എന്നതിന്റെ അടയാളപ്പെടുത്തലാണ് സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതി ചെയർമാൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിൽ നടത്തിയത്.
വിദഗ്ധ സമിതി മാർക്ക് ചെയ്ത സ്ഥലങ്ങൾ ആധികാരികമാക്കി നിലവിൽ പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ ലിസ്റ്റിനോടൊപ്പം പുതിയതായി എ, ബി ലിസ്റ്റുകൾ മാനന്തവാടി സബ് കളക്ടർ തയാറാക്കും. സർക്കാർ ഉത്തരവിന് വിധേയമായി പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്തൃ പട്ടിക സബ് കളക്ടർ തയാറാക്കി ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കും.
ദുരന്തം നേരിട്ട് ബാധിച്ചവർ, ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് ഒന്നാംഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് പുറമേ ആദ്യ പട്ടികയിൽ ഉൾപ്പെടാത്തതും വിദഗ്ധ സമിതി പോകാൻ പറ്റാത്തതായി അടയാളപ്പെടുത്തിയ പ്രദേശത്തുള്ളവരെക്കൂടി പരിഗണിച്ച് എ ലിസ്റ്റ് തയാറാക്കും.
പോകാൻ പറ്റുന്ന സ്ഥലങ്ങളെന്ന് അടയാളപ്പെടുത്തുകയും എന്നാൽ പോകാൻ പറ്റാത്ത മേഖലയിലൂടെ മാത്രം വഴി സൗകര്യമുള്ള ഒറ്റപ്പെട്ട കുടുംബങ്ങളെ ബി ലിസ്റ്റിലേക്ക് പരിഗണിച്ച് പട്ടിക തയാറാക്കി 22നകം പ്രസിദ്ധീകരിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ആക്ഷേപങ്ങളും പരാതികളും അറിയിക്കാം.
ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ഫെബ്രുവരി 12 ഓടെ പൂർത്തിയാകും. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ രണ്ടു ദിവസങ്ങളിലായി നടന്ന അതിർത്തി നിർണയത്തിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ്, ഹസാർഡ് റിസ്ക് അനലിസ്റ്റ് പി.എസ്. പ്രദീപ്,
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജിഐഎസ് സ്പെഷലിസ്റ്റ് എ. ഷിനു, സർവേ ഡെപ്യൂട്ടി ഡയറക്ടർ ആർ. ബാബു, വൈത്തിരി തഹസിൽദാർ ഇൻചാർജ് വി. അശോകൻ, എൻ. ജയൻ, വെള്ളരിമല വില്ലേജ് ഓഫീസർ എം. അജീഷ് എന്നിവർ പങ്കെടുത്തു.