കോൺഗ്രസിലെ പടലപ്പിണക്കം പഞ്ചായത്ത് ഭരണസമിതിക്ക് തലവേദന
1491032
Monday, December 30, 2024 6:10 AM IST
വടുവൻചാൽ: യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിക്ക് തലവേദനയായി കോണ്‍ഗ്രസിലെ പടലപ്പിണക്കം.
ധാരണപ്രകാരം രണ്ടര വർഷത്തിന് ശേഷം മുസ്ലിം ലീഗ് ഒഴിഞ്ഞുകൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് രണ്ട് പേരുകളാണ് നിർദേശിച്ചിരുന്നത്. ഇതിൽ നിലവിലെ പ്രസിഡന്റ് വി.എൻ. ശശീന്ദ്രന് ഒന്നര വർഷവും മറ്റൊരു അംഗമായ ആർ. ഉണ്ണികൃഷ്ണന് അവസാനത്തെ ഒരു വർഷവുമായിരുന്നു തീരുമാനിച്ചിരുന്നത്. ഡിസിസിയിൽ ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ രണ്ടുപേരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ച് ഒപ്പുവച്ചതാണ്. എന്നാൽ ശശീന്ദ്രൻ തന്റെ കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാതെ തുടരുകയാണ്.
ഒക്ടോബർ എട്ടിനായിരുന്നു ശശീന്ദ്രൻ രാജിവയ്ക്കേണ്ടിയിരുന്നത്. ഇത് ചൂണ്ടിക്കാണിച്ച് ഒക്ടോബർ അഞ്ചിന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ശശീന്ദ്രന് കത്ത് നൽകിയിരുന്നു. എന്നാൽ ശശീന്ദ്രൻ രാജിവയ്ക്കാൻ തയാറായില്ല. ഇതേതുടർന്ന് നവംബർ 25ന് പഞ്ചായത്ത് അംഗങ്ങളെ ഡിസിസി പ്രസിഡന്റ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വച്ച് ഡിസംബർ 15നകം സ്ഥാനമൊഴിയാമെന്ന് ശശീന്ദ്രൻ ഉറപ്പ് നൽകിയതാണ്. ഇത് കാണിച്ച് ഡിസിസി, കെപിസിസിക്ക് റിപ്പോർട്ടും നൽകി.
എന്നാൽ വാക്ക് പാലിക്കാൻ ശശീന്ദ്രൻ കൂട്ടാക്കിയില്ല. പിന്നാലെ ഡിസിസി പ്രസിഡന്റ് യുഡിഎഫ് തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിക്ക് കത്ത് നൽകി. ഇവർ സമവായത്തിന് ശ്രമിച്ചെങ്കിലും ശശീന്ദ്രൻ വഴങ്ങിയില്ല. തുടർന്ന് കെപിസിസി നേരിട്ട് കത്ത് നൽകി. ഡിസംബർ 18ന് നൽകിയ കത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ പാർട്ടി തീരുമാനം നടപ്പാക്കാൻ സ്ഥാനമൊഴിയണമെന്ന നിർദേശമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇതും അവഗണിച്ച് ശശീന്ദ്രൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്. ഇത് മൂപ്പൈനാട് പഞ്ചായത്തിലെ കോണ്‍ഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കുകയാണ്.