നീതി വൈകരുത്: മന്ത്രി എ.കെ. ശശീന്ദ്രൻ
1490782
Sunday, December 29, 2024 5:36 AM IST
കൽപ്പറ്റ: ജനങ്ങൾക്ക് ലഭിക്കേണ്ട നീതി വൈകരുതെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പരിഹാരം നീട്ടിക്കൊണ്ടുപോകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ. സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ’കരുതലും കൈത്താങ്ങും’ വൈത്തിരി താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിസാരമായ കാര്യങ്ങൾ പോലും വകുപ്പുകളുടെ ഏകോപനമില്ലായ്മമൂലവും ഉദ്യോഗസ്ഥരുടെ അശ്രദ്ധകൊണ്ടും നടപ്പാകാതെ പോകുന്നവയിലുണ്ട്. സർക്കാർ സംസ്ഥാനതലത്തിൽ താലൂക്കുകളിൽ നടത്തുന്ന അദാലത്തുകൾ ജനങ്ങൾ നേരിടുന്ന ജീവൽപ്രശ്നങ്ങളുടെ പരിഹാരമാണ്.
അദാലത്തുകളിലൂടെ വലിയ പ്രയോജനം സമൂഹത്തിന് ലഭ്യമാകുന്നുവെന്നത് ആശ്വാസകരമാണ്. അദാലത്ത് എല്ലാ പ്രശ്നങ്ങളുടെയും പരിഹാരത്തിന്റെ വേദിയല്ല. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട അവകാശങ്ങളാണ് അദാലത്തിൽ പരിഗണിക്കപ്പെടുക. തുടർ പരിശോധനകളും വകുപ്പുതല പരിശോധനകളും ആവശ്യമുള്ള കേസുകളിൽ എല്ലാം നിയമാനുസൃതമായി നടക്കും. മുൻകൂട്ടി ലഭിച്ച പരാതികൾ പോലെ പുതിയ പരാതികളും പരിഗണിക്കും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടികൾക്ക് കോടതിയിൽനിന്നും സർക്കാരിന് അനുകൂല ഉത്തരവ് ലഭിച്ചിരിക്കയാണ്. ജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടാ. രാജ്യത്തിനുതന്നെ മാതൃകയായ ടൗണ്‍ഷിപ്പുകൾ ഉയരും.
പുനരധിവാസത്തിന് നിയമപരമായ തടസങ്ങളില്ലെന്നത് വ്യക്തമായതാണ്. സംസ്ഥാന സർക്കാർ ദുരന്തബാധിതർക്കൊപ്പം നിലകൊള്ളുന്നതിൽ വീഴ്ച വരുത്തിയിട്ടില്ല. ഊർജിതമായ തുടർ നടപടികൾ ദുരന്തബാധിതരുടെ സ്ഥിര പുനരധിവാസം വേഗത്തിൽ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. പരാതി പരിഹാര അദാലത്ത് സാധാരണ ജനങ്ങൾക്ക് ഏറെ അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. ചെറുതും വലുതുമായ പരാതികൾ അദാലത്തിൽ തീർപ്പാക്കാൻ കഴിയുന്നുണ്ട്. എല്ലായിടങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് അദാലത്തിന് ലഭിക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അദാലത്തിൽ സന്നിഹിതരാണ്. അതുകൊണ്ടുതന്നെ നീതിപൂർവമായുള്ള പരാതികളിൽ തത്സമയം പരിഹാരം കാണാൻ കഴിയുന്നുണ്ട്. നൂറ് കണക്കിന് പരാതികളാണ് അദാലത്തിൽ തീർപ്പാവുന്നത്. ഇവയിൽ കാലങ്ങളായി കെട്ടിക്കിടക്കുന്നതും അല്ലാത്തതുമുണ്ട്. പുതുതായി ലഭിക്കുന്ന പരാതികളും എത്രയും വേഗം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, എഡിഎം കെ. ദേവകി, വെസ്റ്റഡ് ഫോറസ്റ്റ് സിസിഎഫ് കെ. വിജയാനന്ദ്, സബ്കളക്ടർ മിസാൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ എന്നിവർ പ്രസംഗിച്ചു.