ഗോത്രകലകളുടെ ചെപ്പുതുറന്ന് മാനന്തവാടിയിൽ സംസ്ഥാന സർഗോത്സവം
1490780
Sunday, December 29, 2024 5:36 AM IST
മാനന്തവാടി: ഗോത്രവർഗ കലകൾ തനിമ നഷ്ടമാവാതെ പുതിയ തലമുറകളിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെ പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന സംസ്ഥാനതല കലാമേള-സർഗോത്സവം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുരോഗമിക്കുന്നു.
സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 118 പ്രീ-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും 1,525 വിദ്യാർഥികളാണ് സർഗോത്സവത്തിൽ 31 ഇനങ്ങളിൽ മത്സരിക്കുന്നത്. സർഗോത്സവത്തിന്റെ എട്ടാമത് പതിപ്പിനാണ് മാനന്തവാടി വേദിയാകുന്നത്.
സ്റ്റേജിതര മത്സരങ്ങളോടെയാണ് കലാമാമാങ്കത്തിന് തുടക്കമായത്. ജൂണിയർ വിഭാഗത്തിൽ 12ഉം സീനിയർ വിഭാഗത്തിൽ 19ഉം മത്സര ഇനങ്ങളാണുള്ളത്. മത്സരത്തിൽ എ,ബി ഗ്രേഡുകൾ കരസ്ഥമാക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
ഓവറോൾ ചാന്പ്യൻമാർക്ക് ട്രോഫി നൽകും.
ഇന്നലെ വേദി രണ്ടിൽ(തുടി)നടന്ന നാടകം, സീനിയർ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തം, വേദി ഒന്നില്ൃ(ഗദ്ദിക)നടന്ന പരന്പരാഗത ഗാനം, പരന്പരാഗത നൃത്തം എന്നിവയിൽ കാണികളുടെ വലിയ പങ്കാളിത്തമുണ്ടായി. പട്ടികവർഗ വികസന വകുപ്പിനു കീഴിലെ 157ലധികം ഉദ്യോഗസ്ഥരും വിവിധ ജില്ലകളിൽ നിന്നുള്ള പ്രമോട്ടർമാർ, വോളണ്ടിയർമാർ എന്നിവരും മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.